ഐസൊലേഷൻ വാർഡിൽ കുഞ്ഞിന് ജന്മം നൽകി നിരീക്ഷണത്തിലുള്ല യുവതി
തൊടുപുഴ: സമയം പുലർച്ചെ 1.22, സ്ഥലം തൊടുപുഴ ജില്ലാ ആശുപത്രി ഐസൊലേഷൻ വാർഡ്. അതുവരെ കൊവിഡ് രോഗിയെ മാത്രം ചികിത്സിച്ച മാലാഖമാരുടെ കൈകളിലേക്ക് ഒരു കുഞ്ഞ് പിറന്നുവീണു. ഭൂമിയിലെത്തിയ അമ്പരപ്പിൽ അവൻ കുഞ്ഞുവായിൽ ഉറക്കെ കരഞ്ഞു. ആ മനോഹര നിമിഷത്തിൽ എല്ലാവരിലും ആഹ്ളാദം അലതല്ലി. കൊവിഡ് നിരീക്ഷണത്തിലുള്ള രമ്യാമോളാണ് ഐസൊലേഷൻ വാർഡിൽ ആൺകുട്ടിക്ക് ജന്മം നൽകിയത്. സൗദി അറേബ്യയിൽ നഴ്സായിരുന്ന രമ്യാമോൾ 12നാണ് ദമാം ഫ്ലൈറ്റിൽ നാട്ടിലെത്തിയത്. പൂർണ ഗർഭിണിയായ രമ്യ (32) തൊടുപുഴ വണ്ടമറ്റം തൊണ്ടിപ്പറമ്പിലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. പ്രസവവേദനയെ തുടർന്ന് ബുധനാഴ്ച രാവിലെ 7.30നാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചത്. പിന്നീടെല്ലാം ദ്രുതഗതിയിലായിരുന്നു. ഗൈനക്കോളജിസ്റ്റ് ഡോ. ടെസിയാമ്മയുടെ നേതൃത്വത്തിൽ സ്റ്റാഫ് നഴ്സുമാരായ ജിൻസിമോൾ മാത്യു, ബിന്ദു അഗസ്റ്റിൻ, മിന്നു, നഴ്സിംഗ് അസിസ്റ്റിന്റ് ആനീസ് എന്നിവർ രമ്യയെ ഒരു കുറവും കൂടാതെ പരിചരിച്ചു. അടിയന്തരസാഹചര്യത്തിൽ വേണ്ട രക്തവുമായി തൊടുപുഴ ഐ.എം.എ ബ്ലഡ് ബാങ്ക് സർവസന്നാഹങ്ങളുമായി ആശുപത്രിയിൽ സജ്ജമായിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. സുജ, ഐസൊലേഷൻ വാർഡിലെ ഡോ. ജോസ് മോൻ, നഴ്സിംഗ് സൂപ്രണ്ട് ഉഷാകുമാരി എന്നിവരുടെ മേൽനോട്ടം എല്ലാത്തിനുമുണ്ടായിരുന്നു. ഭാഗ്യം തുണച്ചു, സുഖപ്രസവമായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. അമ്മ നിരീക്ഷണത്തിലായതിനാൽ കുഞ്ഞാവയ്ക്ക് കോട്ടയം കറുകച്ചാൽ സ്വദേശിയായ അച്ഛൻ ജോമോനെ നേരിട്ട് കാണാനോ ലാളന അനുഭവിക്കാനോ കഴിഞ്ഞില്ല. എങ്കിലും അവൻ വീഡിയോയിലൂടെ അച്ഛനെയും ചേട്ടൻ ഇലോണിനെയും കണ്ടു. കൊവിഡ് കാലത്ത് എത്തിയ പുതിയ അതിഥിക്ക് ഇതുവരെ പേരൊന്നും നൽകിയിട്ടില്ലെന്ന് രമ്യാമോൾ പറഞ്ഞു. വീട്ടിൽ നിരീക്ഷത്തിലായിരുന്ന അമ്മ മേഴ്സിയും രമ്യയ്ക്കൊപ്പം വാർഡിലുണ്ട്. രോഗലക്ഷണങ്ങളൊന്നുമില്ലാത്ത രമ്യയുടെ കൊവിഡ് പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല.