കട്ടപ്പന: വാത്തിക്കുടി പഞ്ചായത്തിലെ ഭരണസമിതിക്കെതിരെ യു.ഡി.എഫിന്റെ ആരോപണം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ളതാണെന്ന് പ്രസിഡന്റ് പി.കെ. രാജു. എൽ.ഡി.എഫിനും യു.ഡി.എഫിനും തുല്യ അംഗങ്ങളായതിനാൽ പഞ്ചായത്ത് കമ്മിറ്റിയിലെ മുഴുവൻ തീരുമാനങ്ങളും ഐക്യകണ്‌ഠേനെയാണ്. അധികാരത്തിലെത്താൻ കഴിയില്ലെന്നു തിരിച്ചറിഞ്ഞതോടെയാണ് യു.ഡി.എഫ്. അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ 180 വീതം ആട്ടിൻ കൂടുകളും തൊഴുത്തുകളും നിർമിക്കുന്നതിനാണ് അനുമതി നൽകിയത്. താലൂക്ക് അടിസ്ഥാനത്തിൽ നിശ്ചയിച്ചിട്ടുള്ളപ്രകാരം ആട്ടിൻകൂടിന് 46,353 രൂപ യും തൊഴുത്തിന് 48,890 രൂപയുമാണ് നിരക്ക്. മറ്റുള്ള പഞ്ചായത്തിലും ഇതേ നിരക്കാണ്. തൊഴുത്ത് നിർമിച്ച കരാറുകാർക്ക് ഇതുവരെ ബില്ല് മാറി നൽകിയിട്ടില്ല.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അനുമതിയോടെ നടപ്പാക്കിയ പദ്ധതിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നിരവധി കുടുംബങ്ങളുടെ ആശ്രയമായ തൊഴിലുറപ്പ് പദ്ധതിയും ക്ഷീര കർഷകരുടെ ജീവനോപാദിയും അട്ടിമറിക്കാനാണ് യു.ഡി.എഫ്. ശ്രമം. എൽ.ഡി.എഫിലൂടെ പഞ്ചായത്തിലുണ്ടായ വികസന മുന്നേറ്റത്തിൽ വിറളിപൂണ്ട ഇവർ കള്ളം പ്രചരിപ്പിക്കുകയാണെന്നും പി.കെ. രാജു പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ ഉൻമേഷ് കെ.ജോസഫ്, ഷാജി തോമസ് എന്നിവരും പങ്കെടുത്തു.