തൊടുപുഴ : കാൻസർ രോഗം ബാധിച്ചയാളുടെ വീടിനു സമീപം അപകടകരമായി നിൽക്കുന്ന തേക്ക് മരം മുറിച്ചു മാറ്റാൻ നടപടിയെടുക്കാത്ത ഗ്രാമപഞ്ചായത്തിൽ നിന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി.
വണ്ണപ്പുറം സ്വദേശി ബേബി തോമസ് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് വണ്ണപ്പുറം പഞ്ചായത്ത് സെക്രട്ടറി ,തൊടുപുഴ തഹസിൽദാർ എന്നിവരിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടത്.
ഇടുക്കി ജില്ലാ കളക്ടർക്കും വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പരാതിയിൽ പറയുന്നു. തേക്ക് മരത്തിന്റെ ശിഖരങ്ങൾ മുറിക്കണമെന്നാണ് ആവശ്യം. രാത്രിയിൽ കാറ്റ് വീശുമ്പോൾ എഴുനേറ്റിരുന്നാണ് നേരം വെളിപ്പിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.