നെടുങ്കണ്ടം: വിദേശത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നെടുങ്കണ്ടം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. സൗദിയിൽ കമ്പനി ക്യാമ്പിൽ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം നിരീക്ഷണത്തിലായിരുന്ന നെടുങ്കണ്ടം താന്നിമൂട് കല്ലമണ്ണിൽപുരയിടത്തിൽ ഗോവിന്ദന്റെ മകൻ സാബുകുമാറാണ് (52) മരിച്ചത്. കൂടെ താമസിച്ചിരുന്നയാൾക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് സാബു അടക്കമുള്ളവരെ പ്രത്യേക മുറിയിലേയ്ക്ക് മാറ്റിയത്. രാവിലെ താമസസ്ഥലത്ത് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാബുകുമാറിന് കൊവിഡ് പരിശോധന നടത്തിയിരുന്നില്ല. മൃതദേഹപരിശോധനാ ഫലം വന്നാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ. രക്തസമ്മർദ്ദവും പ്രമേഹരോഗവുമടക്കം പല ആരോഗ്യ പ്രശ്‌നങ്ങളും നേരിട്ടിരുന്ന സാബുകുമാറിന് ചെറിയ തോതിൽ പനി അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ക്യാമ്പിലെ ഡോക്ടറുടെ വൈദ്യസഹായം തേടിയിരുന്നു. കഴിഞ്ഞ 12 വർഷമായി
എൻ.എസ്.എച്ച് എന്ന കമ്പനിയിൽ ഫോർമാനായി ജോലിചെയ്യുകയായിരുന്നു. ഭാര്യ: വത്സല. മക്കൾ: ചരിത്രകാന്ത്, ചിത്രവേണി.