കട്ടപ്പന: ഇരട്ടയാർവെട്ടിക്കാമറ്റംതോപ്രാംകുടി റോഡിലെ കലുങ്ക് അപകടാവസ്ഥയിൽ. ദിവസവും നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാതയിലാണ് അപകടം പതിയിരിക്കുന്നത്. കലുങ്കിന്റെ അടിവശത്തെ കോൺക്രീറ്റ് തകർന്ന് കമ്പികൾ പുറത്തേയ്ക്ക് തള്ളിയ നിലയിലാണ്. കലുങ്കിനെ താങ്ങിനിർത്തുന്ന കൽക്കെട്ടിന്റെ ഒരുവശവും ഇടിഞ്ഞു. ചരക്കുലോറികളടക്കം കലുങ്ക് താണ്ടിയാണ് കടന്നുപോകുന്നത്. നാലുവർഷം മുമ്പ് കലുങ്കിന്റെ അപകടാവസ്ഥയെക്കുറിച്ച് നാട്ടുകാർ പി.ഡബ്ല്യു.ഡിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നേരിൽക്കണ്ട് മനസിലാക്കിയെങ്കിലും പുനർനിർമിക്കാൻ നടപടി സ്വീകരിച്ചില്ല. കലുങ്കിന്റെ കൽക്കെട്ട് ഇടിഞ്ഞഭാഗത്ത് കാട് വളർന്നു നിൽക്കുകയാണ്. വാഹനങ്ങൾ സൈഡ് കൊടുക്കുന്നതിനിടെ ഡ്രൈവർക്ക് അശ്രദ്ധയുണ്ടായാൽ കലുങ്കിന്റെ വശം ഇടിഞ്ഞ് അപകടമുണ്ടാകാൻ സാധ്യതയുണ്ട്. മഴക്കാലത്ത് കലുങ്കിനടിയിലൂടെ വെള്ളത്തിന്റെ ഒഴുക്ക് വർദ്ധിച്ചാൽ കൽക്കെട്ടിന്റെ ശേഷിക്കുന്ന ഭാഗവും ഇടിയും.