തൊടുപുഴ : പത്താമുദയത്തിൽ കൃഷിചെയ്യുന്നതിന്റെ പ്രസക്തി പുതിയ തലമുറയെ ഓർമ്മപ്പെടുത്തുന്നതിനൊപ്പം വരാനിരിക്കുന്ന വറുതിയെ മറികടക്കാൻ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെ ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ പിജെ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ഫേസ്ബുക്കിലൂടെ നടന്ന ആഗ്രി ചലഞ്ചിൽ അനേകായിരങ്ങൾ പങ്കാളികളായി. ഇതിന്റെ ഭാഗമായി പച്ചക്കറി വിത്തുകളുടെ ആദ്യഘട്ട വിതരണ ഉദ്ഘാടനം നടന്നു. മേടം 10 ന് പത്താമുദയത്തിന് തുടക്കംകുറിച്ച ലോക ഡൗൺ അഗ്രി ചലഞ്ച് കാർഷിക കർമ്മ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലയിൽ നിന്നും ഒട്ടേറെ പേർ പങ്കാളികളായി. കാർഷികോൽപാദനം ഇരട്ടി ആക്കുക, പച്ചക്കറി ഉത്പാദനം വർധിപ്പിക്കുക, പ്രകൃതി സംരക്ഷണത്തിൽ പങ്കുചേരുക എന്നീ ലക്ഷ്യങ്ങളോടെയാണ് അനേകായിരങ്ങൾ ഈ ചലഞ്ച് ഏറ്റെടുത്തത്. കൃഷിയുടെ പുനരുജ്ജീവനം ആരോഗ്യത്തിന്റെ പുനരുജ്ജീവനം കൂടിയാണെന്ന തിരിച്ചറിവാണ് ഇത് നൽകുന്നത്. ഉടുമ്പന്നൂർ, വണ്ണപ്പുറം, കരിങ്കുന്നം, ആല ക്കോട്, ഇടവെട്ടി എന്നീ പഞ്ചായത്തുകളിലെ പ്രസിഡന്റ് മാർക്കാണ് ആദ്യഘട്ടമായി പച്ചക്കറിവിത്തുകൾ നൽകിയത്.