രണ്ട് മാസത്തിനിടെ പതിനഞ്ചോളം ചലനങ്ങൾ
ഇടുക്കി: ജനങ്ങളെ ഭീതിയിലാഴ്ത്തി മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകളിൽ നിന്ന് കിലോമീറ്ററുകൾ മാത്രം അകലെ തുടരെ ഭൂചലനങ്ങൾ.
രണ്ട് മാസത്തിനിടെ നെടുങ്കണ്ടം മേഖലയിൽ മാത്രം പതിനഞ്ചോളം ചെറുചലനങ്ങളാണുണ്ടായത്. 20ന് പുലർച്ചെയുണ്ടായ ചലനം മുല്ലപ്പെരിയാറിൽ നിന്ന് 25 കിലോമീറ്ററും ഇടുക്കി ഡാമിൽ നിന്ന് 33.5 കിലോമീറ്ററും അകലെയായിരുന്നു. റിക്ടർ സ്കെയിലിൽ 2.6 രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവകേന്ദ്രം നെടുങ്കണ്ടത്തിനടുത്ത് തൂക്കുപാലമാണ്. 125 വർഷത്തിലേറെ പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന്റെ വൃഷ്ടിപ്രദേശമായ വള്ളക്കടവിലും ചലനമനുഭവപ്പെട്ടു. കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും നെടുങ്കണ്ടം മേഖലയിൽ ഉരുൾപ്പൊട്ടലടക്കം വ്യാപകമായ നാശനഷ്ടമുണ്ടായിരുന്നു. ഫെബ്രുവരി- മാർച്ച് മാസങ്ങളിലായി ഒരാഴ്ചയ്ക്കിടെ ഇടുക്കി ഡാമിനടുത്ത് തുടർച്ചയായി മുപ്പതോളം ഭൂചലനങ്ങളുണ്ടായി. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
വിദഗ്ദ്ധസംഘം
പഠിക്കുന്നു
ഇടുക്കിയിലെ തുടർച്ചയായ ഭൂചലനത്തെക്കുറിച്ച് നാഷണൽ സെന്റർ ഫോർ സീസ്മോളജിയിലെ വിദഗ്ദ്ധ സംഘം പഠനം ആരംഭിച്ചിട്ടുണ്ട്. ഇടുക്കി ആർച്ച് ഡാം, ചോറ്റുപാറ, ആലടി എന്നിവിടങ്ങളിൽ ഡിജിറ്റൽ ഭൂകമ്പ മാപിനി സ്ഥാപിച്ചു. ഇതിൽ ചെറുചലനങ്ങളും രേഖപ്പെടുത്തും. ഇത് മൂന്ന് മാസത്തോളം ലൈവ് മോണിറ്ററിംഗ് നടത്തും. ആശങ്കപ്പെടേണ്ടതുണ്ടെങ്കിൽ മൈക്രോ സീസ്മിക് സൊണേഷൻ സ്റ്റഡി നടത്തും. സെന്ററിലെ സാങ്കേതിക വിദഗ്ദ്ധരായ കുൽവീർ സിംഗ്, എം.എൽ. ജോർജ്, സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി ഹസാർഡ് ആന്റ് റിസ്ക് അനലിസ്റ്റ് ജി.എസ്. പ്രദീപ് എന്നിവരടങ്ങിയതാണ് സംഘം.
ഭ്രംശമേഖല,
ആശങ്ക വേണ്ട
" ഇടുക്കി ഭൂചലനങ്ങൾക്ക് സാദ്ധ്യതയുള്ള ഭ്രംശമേഖലയാണ്. മിതമായ നിരക്കിൽ ഭീഷണിയുള്ള സോൺ-3 . ഇതിൽ റിക്ടർ സ്കെയിലിൽ 6.5- 7 വരെ രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടാകാം. ഇതുവരെ രേഖപ്പെടുത്തിയ ചലനങ്ങളെല്ലാം മൂന്നിൽ താഴെ മാത്രമാണ്. "
- ജി.എസ്. പ്രദീപ്
സംസ്ഥാന ദുരന്തനിവാരണ
അതോറിട്ടി അനലിസ്റ്റ്