തൊടുപുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും മഴക്കാലരോഗ പ്രവർത്തനങ്ങൾക്കും ആവശ്യമായ രക്തത്തിന് ജില്ലയിലെ ആശുപത്രികളിൽ ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ ജോയിന്റ് കൗൺസിൽ ആഭിമുഖ്യത്തിൽ ജീവനക്കാർ ഒരു വാരം നീണ്ടു നിൽക്കുന്ന രക്തദാന യജ്ഞം ആരംഭിച്ചു. 29 വരെയാണ് രക്തദാനയജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്. തൊടുപുഴ ഐ.എം.എ ബ്ലഡ്ബാങ്കിൽ രക്തം ദാന ചെയ്തുകൊണ്ട് ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ രക്തദാനയജ്ഞം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ ആശുപത്രികളിൽ രക്തദായകരെ എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കിയതായി ആർ. ബിജുമോൻ അറിയിച്ചു. വിവിധ രക്തഗ്രൂപ്പുകളിൽ ആവശ്യത്തിന് രക്തം സംഭരിക്കുന്നതിനായി പ്രവർത്തകരെ അടുത്ത ഒരാഴ്ച കാലത്തേയ്ക്ക് തൊടുപുഴ ഐ.എം.എ ബ്ലഡ് ബാങ്കിൽ എത്തിക്കുമെന്നും അറിയിച്ചു. തൊടുപുഴ മേഖലാ സെക്രട്ടറി ഡി.കെ. സജിമോൻ, മേഖലാ കമ്മിറ്റി അംഗങ്ങളായ സനോജ് ജോസഫ്, ജോർജ്ജ് അഗസ്റ്റിൻ, ബിന പി.എസ്, സിറിൾ ജോയി, ശ്രീശങ്കർ തുടങ്ങിയവർ ഇന്ന് നടത്തുന്ന രക്തദാനത്തിൽ പങ്കാളികളായി. കൂടുതൽ വിവരങ്ങൾക്കായി 7907411744, 9037315240 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.