തൊടുപുഴ: ലോക്ക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് 10 മുതൽ അടഞ്ഞുകിടക്കുന്ന കമ്പ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംരക്ഷിക്കണമെന്ന് കമ്പ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപന ഉടമകളുടെ കൂട്ടായ്മയായ ആൾ കേരളാ ഇൻഫർമേഷൻ ടെക്‌നോളജി ട്രെയിനിംഗ് സെന്റർ ഓണേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അമ്പത്തിനായിരത്തോളം പേരാണ് ‌ഇതുവഴി ഉപജീവനം നടത്തുന്നത്. വാടകയും ശമ്പളവും നൽകാൻ ഒരു വഴിയുമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. വലിയ തുക ലോൺ എടുത്താണ് ഒട്ടനവധി ആളുകൾ സ്വയം തൊഴിൽ എന്ന രീതിയിൽ ഇങ്ങനെയൊരു പ്രസ്ഥാനം ആരംഭിച്ചിട്ടുള്ളത്. ഒരു കമ്പ്യൂട്ടറിൽ ഒരാൾ എന്ന രീതിയിൽ സുരക്ഷിതമായ അകലം പാലിച്ചും ഒരേ സമയം 20പേരിൽ കൂടാതെ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിച്ചും സാനിറ്റൈസർ,​ മാസ്‌ക് എന്നിവ ഉപയോഗിച്ചും ക്ലാസുകൾ നടത്തി മുമ്പോട്ടുപോകാൻ അനുവദിക്കണമെന്നാണ് ആവശ്യം.