പീരുമേട്: കൊവിഡ് 19 പ്രതിരോധത്തിൽ വിട്ടുവീഴ്ച്ചയില്ലാത്ത പ്രവർത്തനങ്ങൾക്ക്പീരുമേട് മിനി സിവിൽ സ്റ്റേഷൻ മാതൃകയാകുന്നു. ഇവിടെ യെത്തുന്ന ജീവനക്കാരെയും പൊതുജനങ്ങളെയും ഇൻഫ്രാറെഡ് തെർമോ മീറ്റർ ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷമേ കയറ്റിവിടൂ.
തോട്ടം മേഖല കൂടി ഉൾപ്പെടുന്ന പീരുമേട് സിവിൽ സ്റ്റേഷനിലേയ്ക്ക് വിവിധാവശ്യങ്ങൾക്കായി ദിനംപ്രതി നിരവധി പേരാണ് എത്തുന്നത്. ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനിംഗിന്റെ ഭാഗമായി സാനിട്ടറൈസറും കൈകഴുകാൻ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൊവിഡ് രോഗവ്യാപന സാദ്ധ്യത ഒഴിവാക്കാൻ എത്തുന്ന എല്ലാവർക്കും തെർമൽ സ്‌ക്രീനിംഗ് നടത്തുന്നത് ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ഏറെ പ്രയോജനപ്രദമാണെന്ന് പീരുമേട് തഹസീൽദാർ എം.കെ.ഷാജി പറഞ്ഞു. ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ച് സ്പർശനരഹിതമായി ശരീരതാപനില പരിശോധിക്കാൻ ജീവനക്കാരനെ നിയോഗിച്ചിട്ടുണ്ട്. ശശി തരൂർ എം.പി നേതൃത്വം നൽകുന്ന എ ഐ പി സി സംഘടനയാണ് കോട്ടയം ചാപ്ടർ പ്രസിഡന്റായ ഡോ. വിനു ജെ.ജോർജ് മുഖേന 7000 രൂപ വിലമതിക്കുന്ന ഇൻഫ്രാറെഡ് തെർമോ മീറ്റർ നൽകിയത്.