ഇടുക്കി: എസ്. എസ്.എസ്.എൽ.സി, ഹയർസെക്കന്റി പരീക്ഷകൾ കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് നടത്തുന്നയിന് ക്രമീകരണങ്ങളായി. പരീക്ഷ, . മാസ്‌ക് വിതരണം, ജൂൺ ഒന്നുമുതൽ തുടങ്ങുന്ന ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പ് എന്നിവയും കളക്ടർ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേമ്പറിൽ ചേർന്ന വിദ്യാഭ്യാസ വകുപ്പ് ഉതോദ്യോഗസ്ഥരുടെ യോഗത്തിൽ വിലയിരുത്തി.
സ്കൂൾ മാറ്റം
കണ്ടെയ്ൻമെന്റ് സോണിൽപ്പെട്ട പുറ്റടി എൻ.എസ്.പി.എച്ച്.എസ്. എസിലെ കുട്ടികൾക്കായി വണ്ടൻമേട് എം.ഇ.എസ്.എച്ച്.എസ്.എസ് മതിയായ സൗകര്യങ്ങൾ ഉറപ്പുവരുത്തി പരീക്ഷ നടത്തും.
അന്യജില്ലക്കാർക്കായി
അന്യജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും പരീക്ഷക്കായി വരുന്ന കുട്ടികൾക്ക് സ്വാബ് ടെസ്റ്റ് നടത്തി പരീക്ഷ എഴുതാൻ പ്രത്യേക സൗകര്യം ഒരുക്കുന്നതിന് ഡി.എം.ഒ, വിദ്യാഭ്യാസ ഉപഡയറക്ടർ എന്നിവർക്ക് നിർദ്ദേശം നൽകി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നിലവിലുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി യാത്രാസൗകര്യമില്ലാത്ത പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് താമസിച്ച് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കാൻ എസ്.സി, എസ്.റ്റി, എസ്.എസ്.കെ എന്നിവക്കായിരിക്കും ചുമതല.
ഗതാഗത പ്രശ്നം
ഗതാഗത സൗകര്യം കുറവുള്ള പ്രദേശങ്ങളിൽ സ്കൂൾ അധികാരി പഞ്ചായത്ത് സെക്രട്ടറിമാരുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്നതിന് നടപടി സ്വീകരിക്കും.
കുട്ടികൾ ശാരീരിക അലകം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പരീക്ഷാ സെന്ററുകളിലും പരിസരങ്ങളിലും പൊലീസിന്റെ സേവനം ലഭ്യമാക്കും. പരീക്ഷക്കായി സ്‌കൂളിൽ എത്തുന്ന മുഴുവൻ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഉദ്യോഗസ്ഥരെയും തെർമൽ സ്‌കാനിംഗിന് വിധേയമാക്കും. ഇതിനായി പരീക്ഷ ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ജീവനക്കാരും കുട്ടികളും സ്‌കൂളിലെത്തണം. പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിൽ എത്തി മാസ്‌കുകൾ വിതരണം ചെയ്യുന്നതിനും കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങളുടെ ലഘുലേഖകൾ വിതരണം ചെയ്യുന്നതിനുമായി വാർഡ് മെമ്പർമാർ, ആശാ വർക്കാർ, അംഗൻവാടി അദ്ധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സഹായം തദ്ദേശസ്വയംഭരണം, ഡി.എം.ഒ, ഐ.സി.ഡി.എസ്. കുടുംബശ്രീ എന്നീ വകുപ്പുകൾ ഉറപ്പാക്കും.
ഓൺലൈൻ ക്ലാസുകളുടെ ഉപയോഗത്തിലേക്കായുള്ള റ്റി.വി, സ്മാർട്ടഫോൺ, കമ്പ്യൂട്ടർ മുതലായ ഉപകരണങ്ങളുടെ ലഭ്യതക്കുറവ് കണ്ടെത്താൻ വാർഡ് തിരിച്ചുള്ള പഞ്ചായത്ത്തല ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് ഉടൻ തയ്യാറാക്കി സമർപ്പിക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തിയതായും ജില്ലാകളക്ടർ അറിയിച്ചു.
യോഗത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.അജി പി.എൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ്‌കുമാർ, സമഗ്ര ശിക്ഷ ഡി.പി.സി ബിന്ദുമോൾ ഡി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോർഡിനേറ്റർ കെ.എ ബിനുമോൻ, ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസർ അനിൽഭാസ്‌കർ, കട്ടപ്പന ഡി.ഇ.ഒ പുഷ്പലത ഇ, കുടുംബശ്രീ എ.ഡി.എം.സി ഷാജിമോൻ പി.എ, സമഗ്രശിക്ഷ പി.ഒ സുലൈമാൻകുട്ടി കെ.എ, മൈക്കിൾ സെബാസ്റ്റ്യൻ, ഹയർസെക്കണ്ടറി വിദ്യാഭ്യാസ കോഓർഡിനേറ്റർ ടി. സ്റ്റാൻലി തുടങ്ങിയവർ പങ്കെടുത്തു.