തൊടുപുഴ: കൊവിഡിനെ തുടർന്ന് ജോർദാനിൽ കുടുങ്ങിയ ന ടൻ പൃഥ്വിരാജടക്കമുള്ള സിനിമാസംഘത്തിനൊപ്പമുണ്ടായിരുന്ന ഇടുക്കി സ്വദേശിയും നാട്ടിലെത്തി. ഫിലിം സ്പോട്ട് എഡിറ്ററായ റെക്സൺ ജോസഫാണ് ഇന്നലെ തൊടുപുഴയിലെത്തിയത്. സംവിധായകൻ ബ്ലെസിയുടെ ബിഗ്ബഡ്ജറ്റ് ചിത്രമായ 'ആടുജീവിതത്തിന്റെ" രണ്ടാം ഷെഡ്യൂൾ ഷൂട്ട് ചെയ്യുന്നതിനാണ് മാർച്ച് 15ന് സംഘം ജോർദാനിലേക്ക് തിരിച്ചത്. പൃഥ്വിരാജടക്കമുള്ള 58 അംഗ സംഘത്തിൽ അടിമാലി വെള്ളത്തൂവൽ കൊല്ലമലയിൽ റെക്സൺ ജോസഫുമുണ്ടായിരുന്നു. ആറ് വർഷമായി സിനിമയിലുള്ള റെക്സൺ ചിത്രത്തിന്റെ സ്പോട്ട് എഡിറ്ററാണ്. 62 ദിവസത്തെ ഷൂട്ടിംഗിനായിരുന്നു പ്ലാൻ. എന്നാൽ ജോർദാനിൽ കൊവിഡ് പടർന്നു പിടിച്ചതിനെ തുടർന്ന് ഷൂട്ടിംഗ് നിറുത്തേണ്ടി വന്നു. ലോക്ക്ഡൗൺ ഇളവ് വന്നപ്പോൾ പ്രത്യേക അനുമതി തേടി ഷൂട്ടിംഗ് നടത്തിയിരുന്നു. എങ്കിലും ആകെ 25 ദിവസം മാത്രമാണ് ഷൂട്ട് ചെയ്യാനായത്. തിരികെ വരാൻ അനുമതി ലഭിച്ചതോടെ ഇന്നലെ വൈകിട്ടോടെ താമസസ്ഥലത്ത് നിന്ന് നാലരമണിക്കൂർ യാത്ര ചെയ്താണ് അമ്മാൻ വിമാനത്താവളത്തിലെത്തിയത്. ഇവിടെ നിന്ന് ഇന്നലെ പുലർച്ചെ ഡൽഹി വിമാനത്താവളത്തിലെത്തിയ സംഘം രാവിലെ ഒമ്പതിന് നെടുമ്പാശേരി യിലെത്തി. അതേ വിമാനത്തിലുണ്ടായിരുന്ന റെക്സണടക്കമുള്ള ഒമ്പത് ഇടുക്കിക്കാരെ കെ.എസ്.ആർ.ടി.സി ബസിൽ തൊടുപുഴയിലെത്തിച്ചു. ഇവിടെ നിന്ന് ആംബുലൻസിൽ വണ്ണപ്പുറത്തെ കൊവിഡ് കെയർ സെന്ററിലുമെത്തിച്ചു. ഇവിടെ 14 ദിവസം നി രീക്ഷണത്തിൽ കഴിയാനാണ് നിർദേശം. ലാൽ ബഹദൂർ ശാസ്ത്രി, ആടുപുലിയാട്ടം, 100 ഡേയ്സ് ഒഫ് ലവ് തുടങ്ങി മുപ്പതോളം ചിത്രങ്ങളിൽ റെക്സൺ പ്രവർത്തിച്ചിട്ടുണ്ട്. റെക്സൺ സ്വതന്ത്ര എഡിറ്ററാകുന്ന ചിത്രമാണ് നവാഗതനായ ശരത് ജി. മോഹൻ സംവിധാനം ചെയ്യുന്ന കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ് . റോസ്‌ലി- ജോസഫ് ദമ്പതികളുടെ മകനാണ്. അലീന സഹോദരിയാണ്.
ആട് ജീവിതമല്ല , അവിടെ യും ജൂഡോ കളി
ജോർദാനിൽ സൈന്യം നിയന്ത്രിക്കുന്ന ലോക്ക്ഡൗൺ വളരെ കർശനമായിരുന്നെന്ന് റെക്സൺ പറഞ്ഞു. മരുഭൂമി ക്ക് സമാനമായ ഒറ്റപ്പെട്ട ക്യാമ്പിലായിരുന്നു തങ്ങളുടെ താമസം. പുറമെ നിന്ന് ടെന്റ് പോലെ തോന്നുമെങ്കിലും രണ്ട് ബെഡ്‌റൂമുള്ള അത്യാവശ്യം സൗകര്യമുള്ള ഹട്ടായിരുന്നു .
കടകളുള്ള സ്ഥലത്തേക്ക് താമസ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ ദൂരമുണ്ടായിരുന്നു. ഒപ്പം 25 ജോർദാനിയൻസ് ഉണ്ടായിരുന്നു. അവർ സാധനങ്ങളെല്ലാം എത്തിച്ച് പാചകം ചെയ്ത് കൃത്യസമയത്ത് തന്നെ ഭക്ഷണം നൽകി. സംഘത്തോടൊപ്പമുണ്ടായിരുന്ന ഡോ. എൽവിൻ എല്ലാവരുടെയും ആരോഗ്യം കൃത്യമായി പരിശോധിക്കുന്നുണ്ടായിരുന്നു. ബോറടിക്കുമ്പോൾ ജൂഡോയും ചീട്ടും കളിച്ചു. ഇടയ്ക്ക് ക്രിക്കറ്റും കളിച്ചു. പൃഥ്വിരാജും കളിക്കാൻ ഒപ്പം കൂടി.