തൊടുപുഴ: അന്യനാടുകളിൽ നിന്ന് ബസുകളിലും മറ്റുമായി ദിവസവും നൂറ് കണക്കിനാളുകൾ ജില്ലയിൽ എത്തുമ്പോഴും പ്രധാന കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന കൃത്യമായി ലഭിക്കുന്നില്ലെന്ന് ആക്ഷേപം. ലോക്ക് ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി പോയവർ ട്രെയിനുകളിലാണ് ജില്ലയിലേക്കെത്തുന്നത്. ഇടുക്കിയിലുള്ളവർ മറ്റ് ജില്ലകളിലെ റെയിൽവേ സ്റ്റേഷനിലെത്തി അവിടെ നിന്ന് കെ.എസ്.ആർ.ടി.സി ബസുകളിലാണ് തൊടുപുഴയിലെത്തുന്നത്. മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നാണ് ഇപ്പോൾ ആളുകൾ ജില്ലയിലേക്കെത്തുന്നത്. ഇവരെ ആരോഗ്യ വകുപ്പ്, റവന്യൂ ഉദ്യോഗസ്ഥർ, പൊലീസ് എന്നിവരുടെ സഹായത്തോടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് അയ ക്കേണ്ടത്. എത്തിച്ചേരുന്ന വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും പുലർച്ചെ സമയങ്ങളിലും മറ്റും എത്തിച്ചേരുന്ന ഇവർക്ക് ആരോഗ്യ വകുപ്പിന്റെ യാതൊരു പരിശോധനയും ഉണ്ടാകുന്നില്ലെന്നാണ് വിമർശനം. പലപ്പോഴും റവന്യൂ അധികൃതരും പൊലീസും മാത്രമാണ് സ്ഥലത്തുണ്ടാകുക. ഇവരെ വീട്ടിലെ നിരീക്ഷണത്തിലേക്കോ കൊവിഡ് കെയർ സെന്ററുകളിലേക്കോ അയക്കണം. എന്നാൽ ഇവർ എത്തുേമ്പാൾ ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യമില്ലാത്തതിനാൽ മറ്റ് ഉദ്യോഗസ്ഥർ എന്ത് ചെയ്യണമെന്ന് ആശങ്കയുണ്ട്.
'പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതരെ കൃത്യമായി കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. "
- ഡോ. എൻ. പ്രിയ (ജില്ലാ മെഡിക്കൽ ഓഫീസർ)
നിരീക്ഷണ കേന്ദ്രത്തിൽ സൗകര്യമില്ലെന്ന്
വണ്ണപ്പുറത്തെ കൊവിഡ് കെയർ സെന്ററിൽ അത്യാവശ സാധനങ്ങൾ പോലുമില്ലെന്ന് ആക്ഷേപം. വൃത്തിയും സൗകര്യവുമുള്ള മുറിയാണെങ്കിലും ഭക്ഷണം കഴിക്കുന്നതിനുള്ള പാത്രം, സോപ്പ്, തോർത്ത്, സാനിറ്റൈസർ തുടങ്ങിയ പ്രാഥമികകൃത്യത്തിനുള്ള സാധനങ്ങൾ പോലമുണ്ടായിരുന്നില്ല. ഇവിടെ നിരീക്ഷണത്തിലുള്ളവരുടെ പരാതിയെ തുടർന്ന് സാധനങ്ങൾ എത്തിക്കാമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.