തൊടുപുഴ: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അഭ്യർത്ഥന പ്രകാരം ഒരു മാസത്തെ കെട്ടിടവാട പൂർണമായും ഒഴിവാക്കി തരാമെന്ന് കെട്ടിട ഉടമകളുടെ സംഘടന അറിയിച്ചതായി തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. വാടക കൊടുക്കാൻ പോലും ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യാപാരികളെ സഹായിക്കുന്നതിനു വേണ്ടിയാണ് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ ലോക്ക്ഡൗൺ കാലത്തെ വാടക പൂർണമായും ഒഴിവാക്കി തരണമെന്നും ഇനിയുള്ള കാലം വാടകയിൽ ഇളവനുവദിക്കണമെന്നും ആവശ്യപ്പെട്ട് നിവേദനം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൂടുതൽ ആനുകൂല്യം വേണ്ടവർ അതത് കെട്ടിട ഉടമകളുമായി സംസാരിച്ച് ഇളവ് വാങ്ങിക്കാമെന്നും കെട്ടിക ഉടമകളുടെ സംഘടന അറിയിച്ചിട്ടുണ്ട്. വാടക ഒഴിവാക്കി തന്നതിന് തൊ ടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലും സെക്രട്ടറി നാസർ സൈരയും കെട്ടിട ഉടമാ സംഘടനയോട് നന്ദി അറിയിച്ചു. കൂടാതെ മുനിസിപ്പൽ ബിൽഡിംഗിലെ കെട്ടിട വാടക കുറച്ചുകൊടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.