അടിമാലി: സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരിക്ഷകൾ പുനരാരംഭിക്കാൻ തീരുമാനമായ സാഹചര്യത്തിൽ ദേവികുളം നിയോജക മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങൾ ശുചീകരിച്ച് നൽകുന്ന പ്രവർത്തനങ്ങൾക്ക് യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ തുടക്കം കുറിച്ചു.യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായിട്ടാണ് വിദ്യാലയങ്ങൾ ശുചീകരിച്ച് നൽകുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുള്ളത്.ദേവികുളം മണ്ഡലത്തിലെ ശുചീകരണജോലികളുടെ ഉദ്ഘാടനം അടിമാലി എസ്എൻഡിപി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം എ അൻസാരി ഉദ്ഘാടനം നിർവ്വഹിച്ചു.വരും ദിവസങ്ങളിൽ മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. യൂത്ത് കോൺഗ്രസ് ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ കനകൻ,ജില്ലാജനറൽ സെക്രട്ടറി ഷിൻസ് ഏലിയാസ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സാൻജോ കല്ലാർ തുടങ്ങിയവർ നേതൃത്വം നൽകി.