 ഈ മാസം ജില്ലയിൽ നാല് പേർ രോഗം സ്ഥിരീകരിച്ചു  സംശയിക്കുന്നവർ - 45

തൊടുപുഴ: കൊവിഡ് ആശങ്കയ്ക്കിടെ ജില്ലയിൽ ഡെങ്കിപ്പനിയും പടർന്ന് പിടിക്കുന്നു. ഈ മാസം നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കരിങ്കുന്നം,​ ഇളംദേശം,​ കഞ്ഞിക്കുഴി,​ വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സംശയിക്കുന്ന 45 പേർ നിരീക്ഷണത്തിലാണ്. തൊടുപുഴ- മുട്ടം മേഖലയിലുള്ളവരാണ് രോഗം സംശയിക്കുന്നവരിലേറെയും. ഇവർക്ക് പനി കൂടിയാൽ രക്തപരിശോധന നടത്തും. തൊടുപുഴയിലും അടിമാലിയിലും ഡെങ്കിപ്പനി രക്തപരിശോധനാ സംവിധാനമുണ്ട് . കഴിഞ്ഞ മാസവും നാല് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ രോഗം സംശയിക്കുന്നവർ 19 മാത്രമായിരുന്നു. അത് 45 ആയി ഉയർന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ഒരാൾക്ക് വീതം എലിപ്പനിയും മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് പേർക്ക് എലിപ്പനി സംശയിക്കുന്നുണ്ട്.

ലക്ഷണങ്ങൾ

കടുത്ത പനി, തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛർദി.

വില്ലൻ കൊതുക്

 ഡെങ്കി പടർത്തുന്നത്- ഈഡിസ് ഈജിപ്‌റ്റി കൊതുകുകള്‍
 ഒരു കൊതുക് ഒരു സമയം ഇടുന്ന മുട്ടകൾ: 100200

 മുട്ട വിരിഞ്ഞ് കൊതുകാകാനുള്ള സമയം: ഏഴ് ദിവസം

തുരത്താം ഡെങ്കിയെ

 പൂച്ചെട്ടികൾ, ടിൻ, ചിരട്ട എന്നിവിടങ്ങളിൽ വെള്ളം കെട്ടിക്കിടക്കരുത്

 ഉപയോഗിക്കാത്ത ക്ലോസറ്റ് ഇടയ്ക്ക് ഫ്ളഷ് ചെയ്യണം

 റബർ തോട്ടത്തിന്റെ മാലിന്യങ്ങൾ ഇടരുത്

 ചിരട്ടകൾ കമിഴ്ത്തി വയ്ക്കണം

 കിണറുകൾ ക്ലോറിനേറ്റ് ചെയ്യണം

' ഡെങ്കിപനി കൂടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രതിരോധനടപടികൾ ഊർജിതമാക്കും "

-ഡോ. എൻ. പ്രിയ (ഇടുക്കി ഡി.എം.ഒ)​

3871 പേർക്ക് പനി

വേനൽ മഴ ശക്തിപ്രാപിച്ചതോടെ പനിയുടെ എണ്ണവും വൻതോതിൽ വർദ്ധിച്ചു. രണ്ട് മാസത്തിനിടെ 3871 പേർക്കാണ് പനി ബാധിച്ചത്. കഴിഞ്ഞ മാസം 2309 പേർക്ക് പനി പിടിപെട്ടെങ്കിൽ ഈ മാസം ഇതുവരെ 1562 പേരാണ് ചികിത്സ തേടിയത്. സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണിത്. സ്വകാര്യ ആശുപത്രികളി ലെ എണ്ണം കൂടിയെടുത്താൽ പനി ബാധിതരുടെ എണ്ണം ഇനിയും കൂടും.