തൊടുപുഴ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ സാമ്പത്തിക നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തിയ പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി തൊടുപുഴ ഈസ്റ്റ് പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ സമരം നടത്തി. കൊവിഡ്- 19 പ്രതിരോധത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ച് വിവിധ യൂണിയനുകളിൽ നിന്നുള്ള അഞ്ചു പേരാണ് സമരത്തിൽ പങ്കെടുത്തത്. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി എം.കെ. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വിവിധ യൂണിയൻ നേതാക്കളായ പി. എസ്. രാജൻ, ലൈല ജോസഫ്, എ.എസ്. ജാഫർഖാൻ, കെ. എസ്. ജയകുമാർ എന്നിവർ സംസാരിച്ചു.