മത്സ്യക്കൃഷി വിളവെടുപ്പിൽ 500 കിലോഗ്രാം മീൻ

കട്ടപ്പന: വണ്ടൻമേട് ജനമൈത്രി പൊലീസ് സ്‌റ്റേഷനിലെ മത്സ്യക്കൃഷി വിളവെടുപ്പിൽ ചാകരക്കൊയ്ത്ത്. 500 കിലോഗ്രാം മത്സ്യമാണ് ലഭിച്ചത്. ഇന്നലെ മന്ത്രി എം.എം. മണി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സ്‌റ്റേഷൻ വളപ്പിലെ അഞ്ചുസെന്റ് സ്ഥലത്ത് നിർമിച്ച പടുതാക്കുളത്തിൽ അസം വാള മത്സ്യങ്ങളെയാണ് വളർത്തിയിരുന്നത്. സ്‌റ്റേഷനിലെ അടുക്കളയിലേക്കു ആവശ്യമുള്ള മത്സ്യം എടുത്തശേഷം ബാക്കി പൊലീസുകാർ തന്നെ വിലയ്ക്കു വാങ്ങി. സംസ്ഥാനത്ത് മത്സ്യക്കൃഷി നടത്തുന്ന ഏക പൊലീസ് സ്‌റ്റേഷൻ വണ്ടൻമേട്ടിലാണ്. ഫിഷറീസിന്റെയും ജില്ലാ പോലീസ് സഹകരണ സംഘത്തിന്റെയും സഹകരണത്തോടെ ആരംഭിച്ച മത്സ്യക്കൃഷിയിൽ അടുത്തഘട്ടത്തിൽ ആറുമാസം കൊണ്ട് പൂർണവളർച്ചയെത്തുന്ന ഗിഫ്റ്റ് തിലോപ്പിയ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കും. നേരത്തെ 40,018 രൂപ ഫിഷറീസിൽ നിന്നു സബ്‌സിഡിയായി ലഭിച്ചിരുന്നു.
കഴിഞ്ഞവർഷം രാജ്യത്തെ മികച്ച പൊലീസ് സ്‌റ്റേഷനുകളിൽ 26ാം സ്ഥാനം വണ്ടൻമേടിനു ലഭിച്ചിരുന്നു.
കൂടാതെ സ്റ്റേഷൻ വളപ്പിലെ പച്ചക്കറിക്കൃഷിയും ജനശ്രദ്ധയാർഷിച്ചിരുന്നു. പച്ചക്കറിക്കൃഷിയിൽ കഴിഞ്ഞവർഷം സംസ്ഥാന തലത്തിൽ മികച്ച സ്ഥാപനത്തിനുള്ള രണ്ടാംസ്ഥാനം വണ്ടൻമേട് സ്‌റ്റേഷനു ലഭിച്ചു. തോട്ടത്തിൽ വഴുതന, കാബേജ്, പയർ, പച്ചമുളക്, തക്കാളി, മുളക് തുടങ്ങി വിവിധയിനം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. വണ്ടൻമേട് സി.ഐ സുനീഷ് ടി.തങ്കച്ചൻ, എസ്.ഐ. പി.എച്ച്. നൗഷാദ് എന്നിവർ ഉൾപ്പെടുന്ന 35 പൊലീസുകാരാണ് വിശ്രമസമയം മത്സ്യ, പച്ചക്കറിക്കൃഷി പരിപാലനത്തിനായി വിനിയോഗിക്കുന്നത്.


സംസ്ഥാനത്തിനു മാതൃക: മന്ത്രി മണി

കട്ടപ്പന: ഭക്ഷ്യോത്പാദന രംഗത്ത് സ്വയം പര്യാപ്തത കൈവിച്ച വണ്ടൻമേട് പൊലീസ് സ്‌റ്റേഷൻ സംസ്ഥാനത്തിനു മാതൃകയാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. വണ്ടൻമേട് സ്‌റ്റേഷൻ വളപ്പിലെ പടുതാക്കുളത്തിലെ മത്സ്യക്കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തികളും സ്ഥാപനങ്ങളും തങ്ങളുടെ പക്കലുള്ള ഭൂമി കൃഷിയോഗ്യമാക്കി ഭക്ഷ്യോത്പാദനത്തിനു ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഡീഷണൽ എസ്.പി. എ. രാജൻ, കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹൻ, സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി. പയസ് ജോർജ്, വണ്ടൻമേട് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി റെജി, ജില്ലാ പൊലീസ് സഹകരണ സംഘം പ്രസിഡന്റ് ജോസഫ് കുര്യൻ, ഫിഷറീസ് ഉദ്യോഗസ്ഥൻ പി. കണ്ണൻ എന്നിവർ പങ്കെടുത്തു.