തൊടുപുഴ: ഇതര സംസ്ഥാന തൊഴിലാളികൾക്ക് നിലവിൽ കൊവിഡ് രോഗ ലക്ഷണമില്ല എന്നുള്ള സർട്ടിഫിക്കറ്റ് മുട്ടം,പുറപ്പുഴ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് വിതരണം ചെയ്തു. തൊടുപുഴ നഗരസഭ, തൊടുപുഴ - ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്‌ തുടങ്ങിയ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ച് വന്നിരുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്കാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്.തൊഴിൽ ഉടമയുടെയും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലും ചിലർ ഒറ്റക്കും വന്നാണ് സർട്ടിഫിക്കറ്റുകൾ വാങ്ങിയത്.സർട്ടിഫിക്കറ്റ് ലഭിച്ചവരെ റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ കെ എസ് ആർ ടി സി ബസ്സിൽ കോട്ടയം റയിൽവേ സ്റ്റേഷനിൽ എത്തിച്ചു.കഴിഞ്ഞ 16 മുതൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നുണ്ട്.ഇന്നലെ വരെ മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് 318 ആളുകൾക്കും പുറപ്പുഴ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് 230 ആളുകൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തിട്ടുണ്ട്.കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതിനെ തുടർന്ന് അന്യ സംസ്ഥാന തൊഴിലാളികൾക്ക് സ്വന്തം നാടുകളിലേക്ക് യാത്ര ചെയ്യാൻ സർക്കാരിൽ നിന്ന് അനുമതി ലഭിച്ചതിനെ തുടർന്നാണ് ആരോഗ്യ വകുപ്പിന്റെ നടപടി.