students

അടിമാലി: കൈതൊടാതെ കൈകഴുകാൻ കഴിയുന്ന സെൻസർടാപ്പ് നിർമ്മിച്ച് അടിമാലി താലൂക്കാശുപത്രിയ്ക്ക് നൽകി അടിമാലി വാറള സ്വദേശികളായ വിദ്യാർത്ഥി സംഘം.ചേലാട് പോളിടെക്‌നിക് കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥികളായ എൽദോ ഷാജൻ, അരുൺ, ജോർജ്ജി കെ സജീവ്, അഖിൽ സുഗുണൻ, വാഴക്കുളം വിശ്വജ്യോതി സ്‌കൂളിലെ രണ്ടാംവർഷ വിദ്യാർത്ഥിയായ ബേസിൽ എൽദോസ് എന്നിവർ ചേർന്നാണ്കൈതൊടാതെ ടാപ്പ് തുറന്ന് കൈകഴുകാൻ സംവിധാനമുള്ള സെൻസർടാപ്പ് നിർമ്മിച്ചത്. ടാപ്പിന് ചുവട്ടിൽ കൈകൾ എത്തിക്കുമ്പോൾ സെൻസർ പ്രവർത്തിച്ച് തനിയെ വെള്ളം കൈകളിൽ വീഴുമെന്നതാണ് സെൻസർ ടാപ്പിന്റെ പ്രത്യേകത. ടാപ്പ് അടിമാലി താലൂക്കാശുപത്രി കോമ്പൗണ്ടിനുള്ളിൽ സ്ഥാപിച്ചു. കൊവിഡ് പ്രതരോധത്തിന് സമൂഹത്തിനായി എന്തെങ്കിലുമൊന്ന് ചെയ്യണമെന്ന ചിന്തയാണ് സെൻസർ ടാപ്പ് നിർമ്മിക്കാൻ പ്രേരിപ്പിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. എല്ലാവരും ഉപയോഗിക്കുന്ന പൊതുടാപ്പിൽ ആരും തൊടാതെ അണുവിമുക്തമാക്കി നിലനിർത്താൻ വിദ്യാർത്ഥികളുടെ കണ്ടെത്തലിലൂടെ സാധിക്കും. വിശ്വജ്യോതി സ്‌കൂളിലെ ഐ ട്രിപ്പിൾ ഇ വകുപ്പാണ് വിദ്യാർത്ഥികളുടെ പരീക്ഷണങ്ങൾക്കാവശ്യമായ സാമ്പത്തിക സഹായം നൽകിയത്.