നടത്തം തുടങ്ങിയിട്ട് ഒരാഴ്ച്ച
നെടുങ്കണ്ടം: കോയമ്പത്തൂരിൽ നിന്ന് നടന്ന് കേരളത്തിലേയ്ക്ക് കടക്കാൻ ശ്രമിച്ച യുവാവിനെ രാമക്കൽമേട്ടിൽ പിടികൂടി. കോയമ്പത്തൂരിൽ സെക്യൂരിറ്റിയായി ജോലി നോക്കിയിരുന്ന പാർത്ഥിപനാണ് രാമക്കൽമേട്ടിലെ സമാന്തര പാതവഴി കേരളത്തിലേയ്ക്ക് കടക്കാൻ ശ്രമിച്ചത്. അവശനിലയിലായിരുന്ന ഇയാളെ നെടുങ്കണ്ടത്ത് നിരീക്ഷണത്തിലാക്കി. ലോക്ക്‌ഡൗണിനെ തുടർന്ന് ഇയാളുടെ ജോലി നഷ്ടമായിരുന്നു. ഇതോടെ ജീവിത മാർഗം നഷ്ടമായ ഇയാൾ വണ്ടൻമേട്ടിൽ താമസിയ്ക്കുന്ന മാതാവിന്റെയും സഹോദരന്റെയും അടുത്തെത്താൻ തീരുമാനിക്കുകയായിരുന്നു. ഒരാഴ്ച കൊണ്ടാണ് ഇയാൾ കോയമ്പത്തൂരിൽ നിന്ന് രാമക്കൽമേട്ടിലേയ്ക്ക് നടന്നെത്തിയത്. ഇന്നലെ വൈകിട്ടാണ് ഇയാൾ അതിർത്തിയിൽ എത്തിയത്. രാത്രി വൈകി അതിർത്തി കടക്കാൻ നിശ്ചയിക്കുകയും കുറ്റിക്കാട് നിറഞ്ഞ മേഖലയിൽ ഒളിച്ച് ഇരിക്കുകയുമായിരുന്നു. അതിർത്തിയിൽ പരിശോധന നടത്തിയിരുന്ന ജാഗ്രതാ സമിതി അംഗങ്ങളും പൊലീസും ഇയാളെ കണ്ടെത്തി. ഭക്ഷണം കഴിയ്ക്കാതെ അവശ നിലയിലായിരുന്നു ഇയാൾ. വിവിധ ദിവസങ്ങളിലായി സമാന്തര പാത വഴി അതിർത്തി കടക്കാൻ ശ്രമിച്ചവരെ തിരിച്ച് അയക്കുകയായിരുന്നെങ്കിലും പാർത്ഥിപൻ അവശ നിലയിലായിരുന്നതിനാൽ ഇയാളെ നെടുങ്കണ്ടത്തെ ഐസൊലേഷൻ സെന്ററിലേയ്ക്ക് മാറ്റുകയായിരുന്നു.