തൊടുപുഴ: ട്രെയിനിൽ നാട്ടിലേക്കയക്കുന്നുവെന്ന വിവരത്തെ തുടർന്ന് തൊടുപുഴ മിനിസിവിൽ സ്റ്റേഷൻ പരിസരത്ത് തടിച്ചു കൂടിയ നൂറ്റമ്പതോളം അന്യസംസ്ഥാന തൊഴിലാളികളെ പൊലീസ് വിരട്ടിയോടിച്ചു. വിവിധ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികൾ ഇന്നലെ രാവിലെയാണ് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് തടിച്ചു കൂടിയത്. ഇന്നലെ യു.പി സ്വദേശികളായ 26 അന്യസംസ്ഥാന തൊഴിലാളികളെ കോട്ടയത്ത് നിന്ന് ട്രെയിൻമാർഗം നാട്ടിലേക്ക് അയക്കുന്നതിനായി മിനി സിവിൽ സ്റ്റേഷനിൽ എത്തിച്ചിരുന്നു. മുട്ടത്തെ ആരോഗ്യ കേന്ദ്രത്തിൽ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ പ്രത്യേക കെ.എസ്.ആർ.ടി.സി ബസിലാണ് കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടു പോയത്. അന്യസംസ്ഥാന തൊഴിലാളികൾ പതിവായി ജോലിക്ക് പോകുന്നതിന് രാവിലെ തൊടുപുഴ ടൗൺ ഹാൾ പരിസരത്താണ് തമ്പടിക്കുന്നത്. ഇവിടെ കൂടിയ തൊഴിലാളികളാണ് വാട്‌സ്ആപ്പിലൂടെയും മറ്റും നാട്ടിലേക്കു പോകുന്ന വിവരമറിഞ്ഞ് മിനി സിവിൽ സ്റ്റേഷൻ പരിസരത്തേയ്ക്ക് പാഞ്ഞെത്തിയത്. ഇവിടെ തൊഴിലാളികൾ കൂട്ടം കൂടുന്നുവെന്ന വിവരമറിഞ്ഞ് തൊടുപുഴ എസ്‌.ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. തുടർന്ന് പൊലീസ് ഇവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തിരിച്ചയയ്ക്കാൻ ശ്രമിച്ചു. നാട്ടിലേക്ക് മടങ്ങാൻ ലേബർ ഓഫീസ് മുഖേന രജിസ്റ്റർ ചെയ്തിരിക്കുന്ന തൊഴിലാളികൾക്ക് ട്രെയിൻ ക്രമീകരിക്കുന്ന മുറയ്ക്ക് നാട്ടിലേക്ക് പോകാൻ സൗകര്യമൊരുക്കുമെന്ന് പൊലീസ് ഇവരെ ധരിപ്പിച്ചു. ഇതോടെ കുറെ പേർ മടങ്ങിപ്പോയെങ്കിലും ചിലർ പോകാൻ കൂട്ടാക്കാതെ വന്നതോടെയാണ് പൊലീസ് വിരട്ടിയോടിച്ചത്. തൊടുപുഴ മേഖലയിൽ നിന്ന് അഞ്ഞൂറോളം തൊഴിലാളികൾ നാട്ടിലേക്ക് പോകാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലേബർ വകുപ്പിന്റെ നേതൃത്വത്തിലാണ് ഇവരുടെ ലിസ്റ്റ് തയ്യാറാക്കുന്നത്.