abji

തൊടുപുഴ: ഒന്ന് അനങ്ങാൻ പോലും അഭിഷേകിന് ആ രുടെയെങ്കിലും സഹായം വേണം. എന്നാൽ തന്റെ ക്ഷേമ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ ആരുമായും ആലോചിക്കേണ്ടി വന്നില്ല. കഴിഞ്ഞ ദിവസം പിതാവിനൊപ്പം തൊടുപുഴയിലെത്തി പെൻഷനായി ലഭിച്ച 1300 രൂപയാണ് ഭിന്നശേഷിക്കാരനായ അഭിഷേക് മന്ത്രി എം.എം. മണിയുടെ കൈകളിലേൽപ്പിച്ചത്. കുമാരമംഗലം കുന്നേൽ മേൽപുറത്ത് മനോജിന്റെയും അനുവിന്റെയും മകനാണ് പതിമൂന്നുകാരനായ അഭിഷേക്. ജന്മനാ തന്നെ സെറിബ്രൽ പാൾസി ബാധിച്ചതിനാൽ അഭിഷേകിന് പരസഹായം കൂടാതെ അനങ്ങാൻ പോലും കഴിയില്ല. എന്തിനും അച്ഛന്റെയും അമ്മയുടെയും സഹായം വേണം. അതിനാൽ വീടിന്റെ നാലു ചുവരുകൾക്കുള്ളിലാണ് അഭിഷേകിന്റെ ലോകം. ലോക്ക്ഡൗൺ കാലത്ത് ടി.വിയിലൂടെ വാർത്തകളും മറ്റും കണ്ടപ്പോഴാണ് നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന മോഹം അഭിഷേകിൽ ശക്തമായത്. ഇതോടെയാണ് പെൻഷൻ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചത്. ആഗ്രഹം അച്ഛനോട് പങ്കു വച്ചപ്പോൾ കൂലിപ്പണിക്കാരനായ മനോജ് ആദ്യം മടിച്ചെങ്കിലും അഭിഷേകിന്റെ ആഗ്രഹത്തിനു മുന്നിൽ വഴങ്ങുകയായിരുന്നു. വാടക വീട്ടിലാണ് മനോജും കുടുംബവും കഴിയുന്നത്.