താടുപുഴ: വിദേശത്ത് നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ പേർ ജില്ലയിലേക്ക് എത്തുന്ന സാഹചര്യത്തിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവവരുടെ എണ്ണം ഒരാഴ്ചയ്ക്കിടെ ഇരട്ടിയായി. മേയ് 14 ന് 1443 പേരാണ് ജില്ലയിൽ ആകെ നിരീക്ഷണത്തിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ 4564 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഏഴ് പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ജില്ലയിൽ നിലവിൽ പുറ്റടിയിലെ ബേക്കറിയുടമയും ശാന്തൻപാറയിലെ യുവാവുമാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ഇന്നലെ 62 പേർക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടും ജില്ലയിൽ നിന്ന് ആരുമുണ്ടായില്ലെന്നത് ആശ്വാസകരമാണ്. ശനിയാഴ്ച 102 പേരുടെ സാമ്പിളുകളാണ് പരിശോധനക്കയച്ചിരിക്കുന്നത്. ഇതുവരെ പരിശോധിച്ചതിൽ 26 എണ്ണം പോസിറ്റീവും 3288 എണ്ണം നെഗറ്റീവുമാണ്. കഴിഞ്ഞ ദിവസം ഇറ്റലിയിൽ നിന്നെത്തിയ ഇടുക്കി സ്വദേശികളെ അടിമാലിയിൽ സർക്കാരിന്റെ നേതൃത്വത്തിൽ സജ്ജീകരിച്ച കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

കുമളിയിൽ വഴിയെത്തിയത് 245 പേർ
സംസ്ഥാന സർക്കാർ നൽകിയ ഓൺലൈൻ പാസ് മുഖേന കുമളി ചെക് പോസ്റ്റ് വഴി അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഇന്നലെ കേരളത്തിലെത്തിയത് 245 പേരാണ്. 125 പുരുഷൻമാരും 95 സ്ത്രീകളും 25 കുട്ടികളുമാണ് നാട്ടിലെത്തിച്ചേർന്നത്. തമിഴ്‌നാട്- 120, കർണ്ണാടക- 66, മഹാരാഷ്ട്ര- 3, ആന്ധ്രാപ്രദേശ്- 18,​ തെലുങ്കാന- 26, ഉത്തർപ്രദേശ്- 1, ഒഡീഷ- 2, ഡൽഹി- 3, പോണ്ടിച്ചേരി- 3, ജാർഖണ്ഡ്- 3 എന്നിങ്ങനെയാണ് എത്തിച്ചേർന്നവരുടെ എണ്ണം. ഇതിൽ 72 പേർ ഇടുക്കി ജില്ലയിലേക്കെത്തിയവരാണ്. റെഡ് സോണുകളിൽ നിന്നെത്തിയ 24 പേരെ അതത് ജില്ലകളിൽ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 221 പേരെ കർശന ഉപാധികളോടെ വീടുകളിലേയ്ക്ക് നിരീക്ഷണത്തിന് അയച്ചു.