dde
ഡി.ഡി.ഇ ടി.കെ മിനിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ തിരുവനന്തപുരത്തേയ്ക്ക് യാത്രയയക്കുന്നു

തൊടുപുഴ: തിരുവനന്തപുരം ജഗതി സർക്കാർ ബധിര മൂക വിദ്യാലയത്തിൽ പഠിക്കുന്ന ഇടുക്കിക്കാരായ ഹയർസെക്കൻഡറി വിദ്യാർത്ഥിനികൾക്ക് പരീക്ഷാ കേന്ദ്രത്തിൽ എത്താൻ വാഹനസൗകര്യമൊരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇടുക്കി ഗോത്രമേഖലയിലെ വിദ്യാർത്ഥികളായ ഹരിതയ്ക്കും ചിഞ്ചുവിനുമാണ് ഇതോടെ പരീക്ഷ എഴുതാൻ അവസരം ഒരുങ്ങിയത്. രാജകുമാരി കുമ്പപ്പാറ കൊമ്പിക്കരയിൽ ഗീത- സുരേഷ് ദമ്പതികളുടെ മകളാണ് പ്ലസ്ടു വിദ്യാർത്ഥിനി ഹരിത. മാമലക്കണ്ടം ഇളംപ്ലശേരിക്കുടിയിലെ ശിവൻ- അമ്പിളി ദമ്പതികളുടെ മകളാണ് പ്ലസ്ടു ഒന്നാം വർഷ വിദ്യാർഥിനി ചിഞ്ചു. പത്താം ക്ലാസ് വരെ മുവാറ്റുപുഴ അസീസി സ്‌കൂളിലായിരുന്ന ഇരുവരും പിന്നീട് ജഗതിയിലെ സ്‌കൂളിൽ പ്രവേശനം നേടുകയായിരുന്നു. അവിടെ ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. ലോക്ക്ഡൗണിൽ ഹോസ്റ്റൽ അടച്ചപ്പോൾ ഇവർക്ക് വീടുകളിലേക്ക് മടങ്ങേണ്ടി വന്നു. ഹയർസെക്കൻഡറി പരീക്ഷകൾ പുനരാരംഭിക്കാനുള്ള തീരുമാനം വന്നതോടെയാണ് പുതിയ ആശങ്ക ഉടലെടുത്തത്. എങ്ങനെ തലസ്ഥാനത്ത് എത്തുമെന്നായിരുന്നു ആശങ്ക. സ്‌കൂൾ ഹെഡ്മിസ്ട്രസ് ഈ വിഷയം പൊതുവിദ്യാഭ്യാസവകുപ്പിന്റെയും കളക്ടറുയെും ശ്രദ്ധയിൽപ്പെടുത്തി. പൊതുവിദ്യാഭ്യാസ ഡയറക്‌ട്രേറ്റിൽ നിന്ന് ബന്ധപ്പെട്ടതിനെ തുടർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഇടുക്കി ജില്ലാ കോ- ഓർഡിനേറ്റർ കെ.എ. ബിനുമോന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ട ക്രമീകരണം ഒരുക്കി. അവരുടെ ഊരുകളിൽ എസ്.ടി പ്രമോട്ടർമാരെ അയച്ച് സർക്കാർ വാഹനം ഉറപ്പാക്കിയെന്ന് അറിയിച്ചു. കുട്ടികളെ രാജകുമാരി, മാമലക്കണ്ടം എന്നിവിടങ്ങളിൽ നിന്ന് തൊടുപുഴയിൽ എത്തിക്കാൻ വകുപ്പിന്റെ രണ്ടു വാഹനങ്ങൾ ഡി.ഡി.ഇ ടി.കെ മിനി വിട്ടുനൽകി. തിങ്കളാഴ്ച രാവിലെ ഡി.ഡി.ഇ ഓഫീസിൽ എത്തിയ വിദ്യാർത്ഥികളെ പൊതുവിദ്യാഭ്യാസ ഓഫീസിൽ നിന്നെത്തിയ വാഹനത്തിലാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ഡി.ഡി.ഇ ടി.കെ. മിനി, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ- ഓർഡിനേറ്റർ കെ.എ. ബിനുമോൻ, ഡി.ഡി.ഇ ഓഫീസിലെ ജീവനക്കാർ എന്നിവർ ഇവരെ യാത്രയാക്കി.