മുട്ടം: മുട്ടത്ത് പെട്രോൾ പമ്പിന് മുന്നിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. പമ്പിന് മുന്നിലായി റോഡിന്റെ ഇരുവശങ്ങളിലും ഒരു നിയന്ത്രണവും ഇല്ലാതെ സ്വകാര്യ വ്യക്തികൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാലാണ് കുരുക്ക് രൂക്ഷമാകുന്നത്. ചിലർ വാഹനങ്ങൾ ഇവിടെ രാവിലെ പാർക്ക് ചെയ്താൽ വൈകിട്ടാവും മാറ്റുന്നതും. പെട്രോൾ പമ്പിന് സമീപത്തുള്ള റേഷൻ കടയിലേക്ക് ലോഡുമായി എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും റേഷൻ കടയിലേക്ക് ഉപഭോക്താക്കൾക്ക് പ്രവേശിക്കാൻ കഴിയാത്ത വിധവുമാണ് ചില സമയങ്ങളിൽ ഇവിടെ വാഹന പാർക്കിംഗ്. നേരത്തെ മുട്ടം പൊലീസ് സ്റ്റേഷന് മുന്നിൽ റോഡരികിൽ നിയമ വിരുദ്ധമായി വാഹനങ്ങൾ ക്രമാതീതമായി പാർക്ക് ചെയ്തിരുന്നത് അതി രൂക്ഷമായ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കിയിരുന്നു. തുടർന്ന് വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യുന്നത് പൊലീസ് വിലക്കിയിരുന്നു.