mani
ജില്ലയിലാരംഭിക്കുന്ന സ്മാർട്ട് വില്ലേജോഫീസുകളുടെ ഉദ്ഘാടനം മണക്കാട് വില്ലേജ് ഓഫീസിൽ വൈദ്യുത മന്ത്രി എം എം മണി വീഡിയോ കോൺഫ്രസിലൂടെ നിർവ്വഹിക്കുന്നു. ജില്ലാ കളക്ടർ എച്ച് ദിനേശൻ സമീപം

ഇടുക്കി: വിവര സാങ്കതികവിദ്യയുടെ പ്രയോജനം പൊതുജനങ്ങൾക്ക് വേഗത്തിലും കാര്യക്ഷമവുമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ അണക്കരയും ഏലപ്പാറയും സ്മാർട്ട് വില്ലേജുകളായി പ്രഖ്യാപിച്ചു. സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം വീഡിയോ കോൺഫ്രൻസ് വഴി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും വൈദ്യുതി മന്ത്രി എം.എം. മണിയും ചേർന്ന് നിർവഹിച്ചു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ചടങ്ങ് മന്ത്രി ഇ. ചന്ദ്രശേഖരനും മണക്കാട് വില്ലേജ് ഓഫീസിൽ സംഘടിപ്പിച്ച ജില്ലാതല ചടങ്ങ് മന്ത്രി എം.എം. മണിയും ഉദ്ഘാടനം ചെയ്തു. ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളിൽ ജീവനക്കാർക്ക് സുഗമമായ ജോലി സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിനൊപ്പം പൊതുജനങ്ങൾക്കും പ്രയോജന പ്രദമാകണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. സർക്കാർ നടപടികൾ വേഗത്തിലും ലളിതമായും ജനങ്ങളിലേക്കെത്തിക്കാൻ സ്മാർട്ട് വില്ലേജുകൾ ഉപകരിക്കുമെന്ന് മന്ത്രി എം.എം. മണിയും പറഞ്ഞു. ഇടുക്കി ജില്ലാ കളക്ടർ എച്ച്. ദിനേശനും ചടങ്ങിൽ പങ്കെടുത്തു. ഏലപ്പാറ വില്ലേജ് ഓഫീസിൽ നിന്നും ഇ.എസ്. ബിജി മോൾ എം.എൽ.എ., ഡെപ്യൂട്ടി കളക്ടർ ഹരികുമാർ, പീരുമേട് തഹസിൽദാർ എം.കെ.ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി സണ്ണി, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേന്ദ്രൻ, വില്ലേജ് ഓഫീസർ റ്റി.എൻ.ബീനാമ്മ എന്നിവരും അണക്കര വില്ലേജ് ഓഫീസിൽ നടന്ന ചടങ്ങിൽ ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻ, ഉടുമ്പൻചോല അഡീ. തഹസിൽദാർ ജോസഫ്.കെ.എസ്., ജില്ലാ പഞ്ചായത്തംഗം സാബു വയലിൽ, വില്ലേജ് ഓഫീസർ സഞ്ചിത്ത്.സി. എന്നിവരും അതാത് വില്ലേജുകളിൽ നിന്നും തൽസമയം വീഡിയോ കോൺഫ്രൻസിൽ പങ്കെടുത്തു.

സ്മാർട്ട് വില്ലേജ് ഓഫീസ് സംവിധാനം ഇങ്ങനെ

പൊതുജനങ്ങൾക്ക് ഇരിപ്പിടം, ഫ്രണ്ട് ഓഫീസ് സംവിധാനം, ടോയ്‌ലറ്റ്, ഓഫീസ് റൂം, ഡൈനിംഗ് റൂം. 40 ലക്ഷം രൂപാ വീതം ഉപയോഗിച്ചായിരുന്നു ഏലപ്പാറ, അണക്കര വില്ലേജു ഓഫീസുകളുടെ ആധുനീകരണം.