കട്ടപ്പന: കട്ടപ്പന നഗരസഭ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയിൽ ക്ഷീര കർഷകരെ ഉൾപ്പെടുത്തി. സർക്കാർ പ്രഖ്യാപനത്തിനുശേഷം ജില്ലയിൽ ആദ്യമായി കട്ടപ്പന നഗരസഭയിലാണ് ക്ഷീര കർഷകരും തൊഴിലുറപ്പിന്റെ ഭാഗമാകുന്നത്. പ്രതിദിനം 10 ലിറ്റർ പാൽ അളക്കുന്ന ക്ഷീര കർഷകന് 100 തൊഴിൽ ദിനങ്ങൾ ലഭിക്കും. 271 രൂപയാണ് ഒരു തൊഴിൽദിന വേതനം. ത്രിതല പഞ്ചായത്തുകൾ നൽകുന്ന ഇൻസന്റീവും കർഷകനു പ്രതിവർഷം ലഭിക്കും. നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർമാരായ എം.സി. ബിജു, ബെന്നി കല്ലൂപ്പുരയിടം, ലൂസി ജോയി, തങ്കമണി രവി തുടങ്ങിയവർ പങ്കെടുത്തു.