കട്ടപ്പന: അതിർത്തി കടക്കാൻ പാസ് ലഭിക്കാത്തതിനെ തുടർന്ന് തമിഴ്നാട് സ്വദേശിയായ വരനും മലയാളിയായ വധുവും കുമളി ചെക്പോസ്റ്റിൽ വിവാഹിതരായി. കമ്പം കാളിയമ്മൻകോവിൽ സ്ട്രീറ്റ് പുതുപ്പെട്ടി രത്തിനത്തിന്റെ മകൻ പ്രസാദും കോട്ടയം കാരാപ്പുഴ ഗണേശന്റെ മകൾ ഗായത്രിയും തമ്മിലുള്ള വിവാഹത്തിനാണ് കുമളി ചെക്പോസ്റ്റ് സാക്ഷ്യം വഹിച്ചത്. ജെ.സി.ബി ഓപ്പറേറ്ററായ പ്രസാദ് കേരളത്തിലാണ് ജോലി ചെയ്യുന്നത്. കേരളവുമായുള്ള ഈ ബന്ധമാണ് വിവാഹത്തിലെത്തിയത്. വിവാഹദിവസമായ ഞായറാഴ്ച വരനും കൂട്ടരും തമിഴ്‌നാട്ടിൽ നിന്നും വധുവും കൂട്ടരും കോട്ടയത്ത് നിന്നും കുമളിയിലെത്തി. എന്നാൽ നിശ്ചയിച്ച മുഹൂർത്തത്തിൽ വരന് പാസ് ലഭിക്കാത്തതിനാൽ അതിർത്തി കടന്നുവരാൻ സാധിച്ചില്ല. തമിഴ്‌നാട്ടിലേക്ക് പോകാൻ വധുവിനും പാസ് ലഭിച്ചില്ല. തുടർന്ന് കേരള- തമിഴ്നാട് അതിർത്തിയിലെ ചെക്പോസ്റ്റിൽ പൊലീസ്, റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ വിവാഹമണ്ഡപമൊരുക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിൽ ഗായത്രിയുടെ കഴുത്തിൽ പ്രസാദ് താലിചാർത്തി. വിവാഹം നടന്നെങ്കിലും അതിർത്തി കടക്കാൻ പാസില്ലാത്ത വധുവിന് വരനൊപ്പം പോകാൻ അനുമതി ലഭിച്ചില്ല. ഒടുവിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും മറ്റ് അധികൃതരുടെയും ശ്രമഫലമായി ഒരു മണിക്കൂറിനുള്ളിൽ അടിയന്തര പാസ് ലഭ്യമാക്കി ഗായത്രിയെ തമിഴ്‌നാട് പുതുപെട്ടിയിലെ വരന്റെ വീട്ടിലേക്കു യാത്രയാക്കുകയായിരുന്നു.