തൊടുപുഴ: ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ മേഖലകളിൽ വിതരണം ചെയ്യുന്നതിന് മൂന്ന് ലക്ഷം തൈകൾ റെഡി. ഔഷധ സസ്യങ്ങൾ ഉൾപ്പെടെ 32 ഇനം തൈകളാണ് ഈ വർഷം വിതരണത്തിന് സജ്ജമായിരിക്കുന്നത്. തൊടുപുഴ, ഇടുക്കി, കട്ടപ്പന,അടിമാലി എന്നിവിടങ്ങളിലുള്ള നഴ്‌സറികളിലാണ് തൈകൾ ഉത്പാദിപ്പിച്ചിരിക്കുന്നത്. രണ്ട് നഗരസഭകളുടെയും 52 പഞ്ചായത്തുകളുടെയും നേതൃത്വത്തിലാണ് തൈകൾ വിതരണം ചെയ്യുന്നത്. വിവിധ വകുപ്പുകൾ, സാമൂഹ്യ, സാംസ്കാരിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
"കഴിഞ്ഞ വർഷവും വിവിധ ഇനങ്ങളിലുള്ള മൂന്ന് ലക്ഷം തൈകൾ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്തു. എത്ര തൈകൾ വിതരണത്തിന് വേണമെന്നും ആർക്കൊക്കെ തൈകൾ നൽകണമെന്നും അതത് തദ്ദേശ സ്ഥാപനങ്ങളാണ് തീരുമാനിക്കേണ്ടത് "
-സാബി വർഗീസ്
(അസി.കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്, ഇടുക്കി)
വഴിപാടായി മാറുന്നു
വർഷങ്ങളായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൈകൾ വിതരണം ചെയ്യുന്നുണ്ട്. തൈകൾ ഉത്പാദിപ്പിച്ച് വിതരണത്തിന് സജ്ജമാക്കുന്നതിനും പിന്നീട് ജില്ലയുടെ വിവിധ പ്രദേശങ്ങളിലുള്ള ആളുകൾക്ക് ഇവ എത്തിക്കുന്നതിനും സാമൂഹ്യ വനവത്കരണ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഓരോ വർഷവും ലക്ഷങ്ങളാണ് പൊടിക്കുന്നത്. തൈകളുടെ വിതരണോത്ഘാടനം കൊട്ടി ഘോഷിച്ച് ആഘോഷപർവം നടത്തും. എന്നാൽ വിതരണം ചെയ്യുന്ന തൈകൾ എല്ലാവരും നടുന്നുണ്ടോയെന്നും നട്ട തൈകൾ പരിപാലിക്കുന്നുണ്ടോയെന്നുമുള്ള കാര്യം തിരക്കാൻ തദ്ദേശ സ്ഥാപന അധികാരികൾ ആരും മിനക്കെടാറുമില്ല. ഇത് വിലയിരുത്താൻ തദ്ദേശ സ്ഥാപനങ്ങളിലോ സാമൂഹ്യ വനം വത്കരണ വകുപ്പിനോ സംവിധാനവും ഇല്ല.