വി.ജയകുമാർ
കേരളത്തെ ഗ്രസിച്ച എല്ലാ ദുരന്തങ്ങളെയും കൂസലില്ലാതെ നേരിട്ട് നാലു വർഷമായി ഇടതു മുന്നണി സർക്കാരിനെ വികസന പാതയിലേക്ക് കൈ പിടിച്ചുയർത്തിയതിന്റെ 'ഇരട്ട ചങ്കുമായാണ് 'പിണറായി വിജയൻ എഴുപത്തഞ്ചിന്റെ പടികൾ കയറിനിൽക്കുന്നത് . സ്വഭാവത്തിലെ കാർക്കശ്യം വിട്ടുവീഴ്ചയില്ലാത്ത നിലപാട്, വിവാദങ്ങളെ നേരിട്ട കൂസലില്ലായ്മ ഇതെല്ലാം ആദ്യമായി കണ്ട് ഒരു മുഖ്യമന്ത്രി ഇങ്ങനെയായിരിക്കണമെന്ന്‌സാധാരണക്കാരെ ക്കൊണ്ട് പറയിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് പിണറായിയുടെ നേട്ടം. പ്രളയവും മഹാമാരിയുംനാടിനെ പിടിച്ചു കുലുക്കിയപ്പോഴും നാടിനെയും നാട്ടാരെയും ഒരു പോറലുമേൽക്കാതെ കാത്തു രക്ഷിക്കാൻ കഴിഞ്ഞതോടെ കേരളം ഭരിച്ച മുഖ്യമന്ത്രിമാരുടെ നിരയിൽ ഉയർന്ന സ്ഥാനമാണ് പിണറായി നേടിയെടുത്തത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരളഘടകം പിറവിയെടുത്ത പിണറായി ഗ്രാമത്തിൽ ഒരു ചെത്തുതൊഴിലാളിയുടെ മകനായി ജനിച്ച വിജയൻ ഇന്നത്തെ പിണറായിയായി വളർന്നത് ഏറെ ത്യാഗങ്ങളിലൂടെയും നിരന്തര പോരാട്ടത്തിലൂടെയുമാണ്. സാദാരണ പ്രവർത്തകനായി സി.പി.എമ്മിലെത്തി സംസ്ഥാന സെക്രട്ടറിയും , പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായും വളർന്നത് കനലെരിയുന്ന വഴികളിലൂടെ നടന്നായിരുന്നു. പുറത്തു നിന്നും അകത്തു നിന്നും മാദ്ധ്യമങ്ങളിൽ നിന്നും വരെ സംഘടിതമായ എതിർപ്പുണ്ടായിട്ടും നെഞ്ചും വിരിച്ച് ഒറ്റക്കു നിന്നായിരുന്നു അതിനെ നേരിട്ടത് . വളർന്നത് മറ്റ് പലരെയും പോലെ മദ്ധ്യമ പരിലാളനമേറ്റും ഗോഡ് ഫാദർമാർ ഇല്ലാതെയുമായിരുന്നു .അടിയന്ത്രിരാവസ്ഥക്കാലത്ത് ക്രൂര മർദ്ദനത്തിനിരയായി കഴുത്തിന് ക്ഷതമേറ്റിട്ടും തല ഉയർത്തിപ്പിടിച്ചായിരുന്നുകാലത്തിനൊപ്പം നടന്നത്. കൊവിഡ് ഭീഷണിയിൽ ലോകം ആടിയുലയുമ്പോഴും കൂസലില്ലായ്മയോടെ നേരിടുന്നതും നെഞ്ചു വിരിച്ചാണ് . അന്യസംസ്ഥാനത്തു നിന്നും വിദേശത്തു നിന്നും മലയാളികൾ എത്തുന്നതോടെ കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുമെന്നറിഞ്ഞു കൊണ്ടു തന്നെ നമ്മുടെ സഹോദരന്മാരെന്നു പറഞ്ഞു അവരെ സ്വീകരിക്കാൻ കാണിച്ച താത്പര്യം. അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായി ആദരിക്കാൻ കാട്ടിയ മനോഭാവം ഇതെല്ലാം എതിരാളികളുടെ വരെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. 1998 മുതൽ 2015 വരെ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായിയാണ് ഏറ്റവും അധികം കാലം പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടുള്ളത്. സിപി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. വൈദ്യുതി മന്ത്രി എന്ന നിലയിലും മികച്ച പ്രവർത്തനം കാഴ്ചവെച്ചാണ് മുഖ്യമന്ത്രി പദവിയിലെത്തിയതും.