 ജില്ലയിലെ 34176 കുട്ടികൾ ഇന്ന് സ്കൂളിലേക്ക്

തൊടുപുഴ/കട്ടപ്പന: കൊവിഡ്- 19ന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ ഇന്ന് പുനരാരംഭിക്കും. സാമൂഹിക അകലം അടക്കമുള്ള കൊവിഡ് പ്രതിരോധ നടപടികളെല്ലാം പാലിച്ച് 30 വരെയാണ് പരീക്ഷകൾ നടത്തുന്നത്. ജില്ലയിൽ 34176 കുട്ടികളാണ് ആകെ പരീക്ഷ എഴുതുന്നത്. അതിൽ എസ്.എസ്.എൽ.സി വിഭാഗത്തിൽ 11836 പേരും ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 22340 പേരുമാണ് ഉള്ളത്. കുട്ടികൾ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പരീക്ഷാ സെന്ററുകളിലും പരിസരങ്ങളിലും പൊലീസുണ്ടാകും. പരീക്ഷയ്ക്കായി സ്‌കൂളിൽ എത്തുന്ന മുഴുവൻ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഉദ്യോഗസ്ഥരെയും തെർമൽ സ്‌കാനിംഗിന് വിധേയമാക്കും. ഇതിനായി പരീക്ഷ ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ജീവനക്കാരും കുട്ടികളും സ്‌കൂളിലെത്തണം. പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിൽ വാർഡ് മെമ്പർമാർ, ആശാ വർക്കാർ, അംഗൻവാടി അദ്ധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുടെ സഹായത്തോടെ മാസ്‌കുകളും കോവിഡ് പ്രതിരോധ മാർഗ നിർദ്ദേശങ്ങളുടെ ലഘുലേഖകളും വിതരണം ചെയ്തു. ഗതാഗത സൗകര്യങ്ങൾ കുറവുള്ള പ്രദേശങ്ങളിൽ ഹെഡ്മാസ്റ്ററോ പ്രിൻസിപ്പലോ പഞ്ചായത്ത് സെക്രട്ടറിമാരുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെ എത്തിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. പരീക്ഷ കേന്ദ്രങ്ങളെല്ലാം കഴിഞ്ഞദിവസം അഗ്നിശമനസേന അണുവിമുക്തമാക്കിയിരുന്നു. കട്ടപ്പന നഗരസഭയിലെ ആറു വിദ്യാലയങ്ങളിലാണ് പരീക്ഷകൾ നടക്കുന്നത്.

അവർക്ക് പ്രത്യേക മുറി

ഏതെങ്കിലും രോഗ ലക്ഷണമുള്ളവരെയും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരുമായ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാനുള്ള പ്രത്യേക മുറിയും സജ്ജീകരിച്ചിട്ടുണ്ട്.

മൈക്രോ പ്ലാൻ

വിദ്യാർഥികളുടെയും ക്ലാസ് മുറികളുടെയും എണ്ണം, ഇരിപ്പടങ്ങൾ തമ്മിലുള്ള അകലം, യാത്ര ക്രമീകരണം എന്നിവ സംബന്ധിച്ച മൈക്രോ പ്ലാൻ ഓരോ സ്‌കൂളുകളും തയ്യാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം ട്രിപ്പിൾ ലെയർ മാസ്‌കുകൾ, ഹാൻഡ് സാനിറ്റൈസറുകൾ എന്നിവയും പരീക്ഷ കേന്ദ്രങ്ങളിൽ ക്രമീകരിക്കും. കുട്ടികളെയുമായെത്തുന്ന രക്ഷിതാക്കളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും അതത് സ്‌കൂൾ അധികൃതർ ഒരുക്കിയിട്ടുണ്ട്.