തൊടുപുഴ: കൊവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സംസ്ഥാന സർക്കാരിന്റെ സൗജന്യറേഷൻ വിതരണത്തിൽ ക്രമക്കേട് നടത്തിയ തൊടുപുഴ താലൂക്കിലെ എട്ടു റേഷൻ കടകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു.
മീൻമുട്ടിയിൽ ഇസ്മയിൽ, ഇടവെട്ടിയിൽ ഷീജ സഫിയ, കാഞ്ഞാറിൽ കെ.എസ്. സൂരജ്, മുള്ളരിങ്ങാട് കെ.വി. ചാക്കോ, ചവർണയിൽ ഷൈനി മാത്യു, മുണ്ടൻമുടിയിൽ മേരി ജോയി, പെരിയാമ്പ്രയിൽ സലിലാ മണി ശശിധരൻ, ഉടുമ്പന്നൂരിൽ പി.എ ലത്തീഫ് എന്നിവരുടെ ലൈസൻസിയിലുള്ള റേഷൻ കടകളുടെ ലൈസൻസാണ് താത്കാലികമായി റദ്ദാക്കിയത്. കാർഡ് ഉടമകൾക്ക് അർഹമായ വിഹിതം നൽകാതെയും തൂക്കത്തിൽ കുറവ് കാണിച്ചുമായിരുന്നു റേഷൻ വ്യാപാരികളുടെ തട്ടിപ്പ്. പൊതുവിതരണ വകുപ്പിന്റെ ആസ്ഥാനത്തും തൊടുപുഴ താലൂക്ക് സപ്ലൈ ഓഫീസറുടെ മൊബൈൽ ഫോണിലും ഓഫീസ് ഫോണിലും കാർഡുടമകൾ പരാതി അറിയിക്കുകയായിരുന്നു. ഏപ്രിൽ ഒന്നു മുതൽ മേയ് 23 വരെ സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, പൊലീസ് വിജിലൻസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ലൈസൻസ് റദ്ദാക്കിയ റേഷൻ കടകളിൽ കാർഡുടമകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ബദൽ ക്രമീകരണം ഏർപ്പെടുത്തി.