തൊടുപുഴ: ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച മൂന്നാർ സ്വദേശിയായ 47കാരൻ എത്തിയതും മുംബെയിൽ നിന്നാണ്. മൂന്നാർ ന്യൂ കോളനി സ്വദേശിയായ ഇയാൾ നവി മുംബെയിലെ യൂബർ ടാക്‌സി ഡ്രൈവറാണ്. കായംകുളം സ്വദേശിനിയായ വീട്ടമ്മയും മകളുമായി കഴിഞ്ഞ 19നാണ് ഇയാൾ മുംബൈയിൽ നിന്ന് ടാക്‌സി കാറിൽ യാത്ര തിരിച്ചത്. 20ന് ഇയാൾ കായംകുളത്ത് എത്തി യാത്രക്കാരെ നിരീക്ഷണ കേന്ദ്രത്തിലാക്കി. തുടർന്ന് 21ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇയാളെ ആംബുലൻസിൽ പഴയ മൂന്നാറിലെ ശിക്ഷക് സദനിലെ നിരീക്ഷണ കേന്ദ്രത്തിലെത്തിച്ചു. ഇവിടെ നിരീക്ഷണത്തിൽ കഴിയുന്നതിനിടയിൽ നടത്തിയ സ്രവ പരിശോധനയിലാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. മുംബെയിൽ നിന്നുള്ള യാത്രയ്ക്കിടയിൽ കാസർകോടുള്ള പെട്രോൾ പമ്പിൽ രണ്ടു മണിക്കൂർ വിശ്രമിച്ചതായി ഇയാൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു. മൂന്നാർ ന്യൂ കോളനിയിലെ വീട്ടിൽ മകൾ മാത്രമാണുള്ളത്. ഭാര്യ നേരത്തെ മരിച്ചു. നിരീക്ഷണ കേന്ദ്രത്തിലെത്തിയ ശേഷം ഇയാൾ മകളുമായോ, മറ്റാരുമായോ ബന്ധപ്പെട്ടിട്ടില്ല. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള ശാന്തമ്പാറ സ്വദേശിയായ കൊവിഡ് രോഗിയുമെത്തിയത് മുംബെയിലെ ധാരാവിയിൽ നിന്നായിരുന്നു.

ആശ്വാസം ഒരാൾക്ക് രോഗമുക്തി

ജില്ലയിൽ ഒരാൾ പുതുതായി രോഗബാധിതനായപ്പോൾ ചികിത്സയിലിരുന്നയാൾ രോഗമുക്തനായത് ആശ്വാസമായി. മേയ് 14ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ച കരുണാപുരം സ്വദേശിയായ ബേക്കറി ഉടമയ്ക്കാണ് രോഗം ഭേദമായത്. തൊടുപുഴ ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ 11 ദിവസമായി ഇയാൾ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഫലം വന്നപ്പോൾ നെഗറ്റീവായി. ഇന്നലെ രോഗം സ്ഥിരീകരിച്ചയാളെ കൂടാതെ ശാന്തമ്പാറ സ്വദേശിയായ യുവാവ് മാത്രമാണ് ജില്ലയിൽ ചികിത്സയിലുള്ളത്.