ഇടുക്കി: കേരളത്തിലെ കൃഷി അനുബന്ധ മേഖലകൾക്കായി കേരളാ ബാങ്ക് മുഖേന നബാർഡ് 1500 കോടി രൂപ അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ മേഖലയിൽ താൽപര്യമുള്ള കർഷകർക്ക് കുറഞ്ഞ നിരക്കിൽ ഹ്രസ്വകാല വായ്പകൾ നൽകും. കേരളാ ബാങ്ക്, കാർഷിക വികസന ബാങ്ക് എന്നിവ മുഖേന ഒരു വർഷം കൊണ്ട് തിരിച്ചടവ് പൂർത്തിയാകുന്ന വിധത്തിലാണ് വായ്പ അനുവദിക്കുക. കൊവിഡ് മൂലം പ്രതിസന്ധിയിലായ കർഷകർക്ക് നിലവിലുള്ള മൃഗസംരക്ഷണ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും സ്വദേശത്തുള്ളവർക്കും വിദേശത്ത് നിന്നെത്തിയവർക്കും പുതിയ സംരഭങ്ങൾ തുടങ്ങുന്നതിനും ഈയവസരം പ്രയോജനപ്പെടുത്താം. പുതുതായി മേഖലയിലേക്ക് കടന്ന് വരുന്നവർക്ക് വാഗമൺ ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്റർ മുഖേന വിദഗ്ദ്ധ പരിശീലനം നൽകുന്നതിനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഹ്രസ്വകാല വായ്പകൾ എടുത്ത് മൃഗസംരക്ഷണ സംരഭങ്ങൾ തുടങ്ങാൻ താത്പര്യമുള്ളവർ മേയ് 28 നകം അതത് പഞ്ചായത്തിലെ മൃഗാശുപത്രികളുമായി ബന്ധപ്പെടണം. അവിടെ നിന്ന് കേരളാ ബാങ്കിന് നൽകുന്ന ക്രോഡീകരിച്ച ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രമേ വായ്പ ലഭ്യമാകൂ.