ഇടുക്കി: നിരീക്ഷണത്തിലിരുന്ന വിദ്യാർത്ഥിക്ക് പരീക്ഷയെഴുതാൻ പ്രത്യേക സൗകര്യമൊരുക്കി പൂമാല ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ. റെഡ് സോണായ ബാംഗ്ലൂരിൽ നിന്ന് കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ പിതാവ് നാട്ടിലെത്തിയത്.തുടർന്ന് പിതാവ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇതിനിടെ ഇതേ വീട്ടിൽ താമസിക്കുന്ന മകൻ മറ്റ് വിദ്യാർഥികൾക്കൊപ്പം പരീക്ഷ എഴുതുന്നതിൽ രക്ഷിതാക്കൾ ആശങ്കപ്പെട്ടു. ഇക്കാര്യമറിഞ്ഞ ആരോഗ്യ വകുപ്പധികൃതർ സ്‌കൂൾ അധികൃതരുമായി ബന്ധപ്പെട്ടു. മുൻകരുതലിന്റെ ഭാഗമായി കുട്ടിയെ സ്‌കൂളിൽ പ്രത്യേകം മുറി സജീകരിച്ച് പരീക്ഷ എഴുതിക്കുകയായിരുന്നു. ഇവിടേക്ക് മാത്രമായി ഒരു അദ്ധ്യാപകനെയും നിയമിച്ചു. ഈ വിദ്യാർഥി മറ്റ് വിദ്യാർഥികളുമായി ഇടപഴകുന്നത് ഒഴിവാക്കാൻ പരീക്ഷ പൂർത്തിയാക്കി മറ്റ് വിദ്യാർത്ഥികൾ ഹാളിന് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. എല്ലാ ദിവസത്തെ പരീക്ഷയ്ക്കും ഇത്തരത്തിൽ പ്രത്യേകം സൗകര്യമൊരുക്കുമെന്ന് പ്രധാനാധ്യാപകൻ മധുസൂദനൻ പറഞ്ഞു.