തൊടുപുഴ: സുഭിക്ഷകേരളം പദ്ധതി കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതിയും ചേർന്ന് അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് പ‌ഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ ധർണ നടത്തി. കേരളത്തിലെ ഭക്ഷ്യക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കേരളാ സർക്കാർ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയോട് കുമാരമംഗലം പഞ്ചായത്ത് നിസംഗത പാലിക്കുകയാണ്. പഞ്ചായത്തിലെ സാധ്യതകൾ കണക്കിലെടുത്ത് ഒരു ഉത്പാദന പദ്ധതി തയ്യാറാക്കാൻ പഞ്ചായത്ത് ഭരണ സമിതി ഒരു ശ്രമവും നടത്തിയിട്ടില്ല. വാർഷിക പദ്ധതി ഭേതഗതി ചെയ്ത് പദ്ധതിക്കായി വിഹിതം കണ്ടെത്താനും പഞ്ചായത്ത് ഭരണ സമിതി തയ്യാറാകുന്നില്ല. പഞ്ചായത്തിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാൻ പദ്ധതി സർക്കാർ നിർദ്ദേശിക്കുന്ന രീതിയിൽ നടപ്പാക്കാൻ ഭരണ സമിതി തയ്യാറാകണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.എം. മാത്യു,​ വി.ടി. പാപ്പച്ചൻ,​ ഏഴല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ.ബി. റ്റിബി,​ ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.കെ. മനോജ്,​ ബൈജു ജോർജ്,​ പി.എം. അലി,​ സി.ഇ. നജീബ്,​ എം.ആർ. ശിവശങ്കൻ നായർ,​ ബി.കുഞ്ഞുമോൻ,​ തുടങ്ങിയവർ നേതൃത്വം നൽകി.