നെടുങ്കണ്ടം: ജില്ലയിലെ ആറ് സ്‌പോർട്സ് ഹോസ്റ്റലിൽ നിന്നായി 12 വിദ്യാർത്ഥികൾ ഇന്നലെ നടന്ന എസ്.എസ്.എൽ.സി പരീക്ഷ എഴുതി. മൂന്നാർ, നെടുങ്കണ്ടം, ഇടുക്കി, എൻ.ആർ.സിറ്റി, കാൽവരിമൗണ്ട്, കുട്ടിക്കാനം എന്നിവയാണ് സംസ്ഥാന സ്‌പോർട്ട്‌സ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌പോർട്ട് ഹോസ്റ്റലുകൾ. ഇതിൽ മൂന്നാർ, നെടുങ്കണ്ടം, എൻആർസിറ്റി എന്നിവിടങ്ങളിൽ മാത്രമാണ് ഈ വർഷം പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉള്ളത്. ജില്ലയിലെ ഹോസ്റ്റലുകളിൽ നിന്ന് പഠിക്കുന്ന 15 വിദ്യാർത്ഥികളിൽ 10 പേരും മറ്റ് ജില്ലകളിലാണ് കൊവിഡ്- 19 നെ തുടർന്ന് പരീക്ഷ എഴുതുന്നത്. ജൂഡോ, അത്‌ലറ്റിക്‌സ്, ബോളിബോൾ, ആർച്ചറി എന്നി വിഭാഗത്തിൽ പരിശീലനം നേടുന്നവരാണ് ഇവർ. മൂന്നാറിൽ മൂന്നും നെടുങ്കണ്ടം, എൻ.ആർ. സിറ്റി എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് ഈ പ്രാവശ്യം ജില്ലയിൽ തന്നെ പരീക്ഷ എഴുതിയത്. മൂന്നാറിൽ പഠിക്കുന്ന രണ്ട് പേർ തൊടുപുഴ സ്വദേശികളാണ്. ഇവർക്ക് തൊടുപുഴയിൽ സെന്റർ അനുവദിക്കണമെന്ന് കാണിച്ച് അപേക്ഷ നൽകിയെങ്കിലും അനുമതി ലഭിക്കാത്തതിനെ തുടർന്ന് പഠിച്ച സ്‌കൂളിൽ തന്നെ പരീക്ഷ എഴുതുകയായിരുന്നു.