തൊടുപുഴ: അപകടകരമായ മരം വെട്ടി മാറ്റുന്നതിന് നിയമാനുസരണ നടപടി സ്വീകരിച്ച നഗരസഭാ സെക്രട്ടറിയെ ഓഫീസിൽ കയറി തടഞ്ഞ് വയ്ക്കുകയും അസഭ്യം പറയുകയും ചെയ്ത ഇടതുപക്ഷ വിദ്യാർത്ഥി സംഘടനാ പ്രവർത്തകരുടെ നടപടിയിൽ ജീവനക്കാർ പ്രതിഷേധിച്ചു. കേരള മുനിസിപ്പൽ ആന്റ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ, കേരള മുനിസിപ്പൽ ആന്റ് കോർപ്പറേഷൻ സ്റ്റാഫ് സംഘ് എന്നീ സംഘടനകൾ സംയുക്തമായാണ് പ്രതിഷേധിച്ചത്. ടൗണിലുള്ള ബോയ്‌സ് സ്‌കൂളിലെ അപകടകരമായി നിൽക്കുന്ന മരം മുറിച്ച് മാറ്റുന്നതിന് വാർഡ് കൗൺസിലറും വില്ലേജ് ഓഫീസറും വനംവകുപ്പ് ഉദ്ദ്യോഗസ്ഥരും പങ്കെടുത്ത ട്രീ കമ്മിറ്റി യോഗമാണ് അനുമതി നൽകിയത്. അതിന് സമീപത്തുള്ള ഇലക്ട്രിക് ലൈൻ അഴിച്ചുമാറ്റാൻ കെ.എസ്.ഇ.ബി ഇന്നാണ് നടപടി സ്വീകരിച്ചത്. വൈദ്യുതി മുടങ്ങാതിരിക്കാൻ പരീക്ഷ നടക്കുന്ന സ്‌കൂളുകളിൽ ജനറേറ്റർ സംവിധാനം ഉൾപ്പടെ ഏർപ്പെടുത്തിയ ശേഷമാണ് മരം മുറിച്ചു നീക്കുന്നതിന് നടപടി സ്വീകരിച്ചത്. എന്നാൽ സ്‌കൂളിലെ വൈദ്യുതി ബന്ധം തടസപ്പെട്ടെന്ന് കാണിച്ചാണ് വിദ്യാർത്ഥികൾ എന്ന് അവകാശപ്പെടുന്നവർ സെക്രട്ടറിയെ തടഞ്ഞുവച്ചതെന്നും ഇവർ ആരോപിച്ചു.