നെടുങ്കണ്ടം: പഞ്ചായത്തുകളുടെ പേരുകൾ മാറി ജില്ലാ കളക്ടറുടെ അറിയിപ്പ് വന്നത് ജനങ്ങളിൽ ആശങ്കയ്ക്കിടയാക്കി. കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്ത നെടുങ്കണ്ടം പഞ്ചായത്തിലെ 8, 11, 12 വാർഡുകൾ കണ്ടെയിൻമെന്റ് സോൺ ആക്കിയെന്നാണ് കളക്ടർ ആദ്യം അറിയിച്ചത്. കൊവിഡ്- 19 സ്ഥിരീകരിച്ച രോഗി താമസിച്ചതും സഞ്ചരിച്ചതുമായ ഉടുമ്പൻചോല താലൂക്കിലെ പാറത്തോടാണ് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ കളക്ടർക്ക് റിപ്പോർട്ട് നൽകിയത്. പഞ്ചായത്തുകൾ മാറി പോയെന്ന പിശക് മനസിലായതോടെ അറിയിപ്പ് പിൻവലിച്ച് പുതിയ ഉത്തരവ് ഇറക്കി. ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ തിങ്കളാഴ്ച വന്ന അറിയിപ്പിലും ഇതേ തെറ്റ് കടന്ന് കൂടിയിരുന്നു.