തൊടുപുഴ: ജില്ലയിൽ കൊവിഡ്- 19 മാർഗനിർദേശങ്ങൾ പൂർണമായി പാലിച്ച് എസ്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ പരീക്ഷകൾ പുനരാരംഭിച്ചു. അണുവിമുക്തമാക്കിയ പരീക്ഷാ ഹാളുകളിൽ സാമൂഹിക അകലം പാലിച്ചാണ് കുട്ടികളെ ഇരുത്തിയത്. പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് സ്‌കൂൾ വളപ്പിലേക്ക് ഇവരെ പ്രവേശിപ്പിച്ചു. തെർമൽ സ്‌കാനിംഗിന് വിധേയമാക്കിയശേഷം സാനിറ്റൈസർ ഉപയോഗിച്ച് കൈമകൾ അണുവിമുക്തമാക്കി. എല്ലാവർക്കും മാസ്‌കുകളും കൈമാറി. പരീക്ഷക്ക് തൊട്ടു മുൻപും ഒരിക്കൽക്കൂടി വിദ്യാർഥികൾക്ക് സാനിറ്റൈസർ നൽകി കൈകൾ അണുവിമുക്തമാക്കി. പരീക്ഷ കഴിഞ്ഞ് വിദ്യാർഥികളെ ക്ലാസുകളിൽ നിന്ന് മടക്കിയതും സാമൂഹിക അകലം പാലിച്ചായിരുന്നു. ആവശ്യത്തിന് മാസ്‌കുകൾ പരീക്ഷാകേന്ദ്രങ്ങളിൽ ലഭ്യമാക്കിയിരുന്നു. സന്നദ്ധപ്രവർത്തകർ മാസ്‌കുകൾ നിർമിച്ച് സ്‌കൂളുകളിൽ എത്തിച്ചതും സഹായകരമായി.
മറ്റ് ജില്ലകളിലെ കുട്ടികളും
മറ്റു ജില്ലകളിൽ പഠിക്കുന്ന ചില വിദ്യാർത്ഥികൾക്ക് ലോക്ക് ഡൗൺ മൂലം പരീക്ഷാകന്ദ്രങ്ങളിൽ എത്താനായില്ല. ഇതിന് പരിഹാരമായി ഇവർക്ക് ജില്ലയിൽെ പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചിരുന്നു. മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിൽ പഠിക്കുന്ന നാലു കുട്ടികൾ ഇപ്രകാരം തൊടുപുഴ കുമാരമംഗലം എംകെഎൻഎം എച്ച്എസിൽ പരീക്ഷയെഴുതി. മറ്റു ജില്ലകളിൽ നിന്നുള്ള 63 കുട്ടികളാണ് ജില്ലയിൽ പരീക്ഷ എഴുതുന്നത്. ജില്ലയിലുള്ള 13 വിദ്യാർഥികൾ മറ്റു ജില്ലകളിലായും പരീക്ഷ എഴുതുന്നുണ്ട്.
പരീക്ഷയെഴുതിയത് 11707 കുട്ടികൾ
കൊവിഡ് 19നെ തുടർന്ന് മാറ്റിവച്ച പരീക്ഷകൾ പുനരാരംഭിച്ചപ്പോൾ സർക്കാർ നിർദേശങ്ങൾ പാലിച്ച്‌കൊണ്ട് ജില്ലയിൽ 11707 കുട്ടികൾ ആദ്യദിനം പരീക്ഷയെഴുതി. ഇതിൽ 13 പേർ മറ്റ് ജില്ലകളിലാണ് പരീക്ഷ എഴുതുന്നത്
കുടികളിൽ നിന്ന് 33 പേർ
അടിമാലി സർക്കാർ സ്‌കൂളിൽ വിവിധ കുടികളിൽ നിന്നായി 33 പേർ എസ്.എസ്.എൽ.സി പരീക്ഷയെഴുതി. ഇടമലക്കുടിയിൽ നിന്ന് 6 പേർ, കുറത്തികുടിയിൽ നിന്ന് 4 പേർ, ചിന്നപ്പാറകുടിയിൽ നിന്ന് 15 പേർ, പ്ലാമലകുടിയിൽ നിന്ന് 2 പേർ, തട്ടകണ്ണൻ കുടി, തലമാലി, വട്ടമുടി, കോളക്കുടി, മച്ചിപ്ലാവ്, പാളപെട്ടി എന്നീ കുടികളിൽ നിന്നും ഓരോരുത്തരും പരീക്ഷയെഴുതി.