ഇടുക്കി: കട്ടപ്പന നഗരസഭയിൽ അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം ക്ഷീര കർഷകർക്ക് പശു പരിപാലനത്തിനായി ഒരു വർഷം 100 തൊഴിൽ ദിനങ്ങൾ അനുവദിക്കുന്ന പദ്ധതിയിൽ ക്ഷീര കർഷകർക്ക് മസ്റ്ററോൾ വിതരണം നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി നിർവ്വഹിച്ചു. നഗരസഭ പ്രദേശത്ത് താമസിക്കുന്ന രണ്ടോ അതിലധികമോ പശുക്കളെ വളർത്തുന്നവരും ദിവസവും ക്ഷീരോത്പാദന സഹകരണ സംഘത്തിൽ പത്ത് ലിറ്ററിൽ കുറയാതെ പാൽ അളക്കുന്നവരും രണ്ട് പശുക്കൾക്കെങ്കിലും ഇൻഷ്വറൻസുമുള്ള കർഷകർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പദ്ധതി പ്രകാരം ഒരു ക്ഷീര കർഷകന് അധികമായി മുപ്പതിനായിരം രൂപ വരുമാനം ലഭിക്കും. ഈ പദ്ധതി കൂടാതെ മുഴുവൻ ക്ഷീര കർഷകർക്കും ഉത്പാദന ഇൻസെന്റീവും വിതരണം ചെയ്യുന്നുണ്ട്. നഗരസഭയിൽ നടന്ന പരിപാടിയിൽ കാലകായികവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി കല്ലുപുരയിടം, കൗൺസിലർമാരായ എം.സി ബിജു, ഗിരീഷ് മാലിയിൽ, ലൂസി ജോയി, തങ്കമണി രവി, നഗരസഭ സെക്രട്ടറി മമ്പള്ളി സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.