മുട്ടം:മലങ്കര തുരുത്തേൽ പാലത്തിനോട്‌ ചേർന്ന് ഒളിഞ്ഞിരിക്കുന്ന അപകടക്കെണി ഇല്ലാതാക്കാൻ അധികാരികൾ ആരും ശ്രമിച്ചില്ല. എന്നാൽ അജ്ഞാതനായ വ്യക്തി തനിക്ക് ചെയ്യാൻ പറ്റിയ കാര്യം ചെയ്തു.മുട്ടം- തൊടുപുഴ റൂട്ടിൽ മലങ്കര ഹില്ലിഅക്വാ കുപ്പിവെള്ള പ്ലാന്റിന്റെ സമീപത്താണ് തുരുത്തേൽ പാലം. പാലത്തിന്റെ നാല് മൂലയിലും വലിയ ഗർത്തമായിട്ട് ഏറെ നാളുകളായി. ഗർത്തത്തിന്റെ താഴെയായി മുട്ടം-മലങ്കര പരപ്പാൻ തോടാണ്.ഓരോ ദിവസം കഴിയുന്തോറും റോഡിന്റെ വശങ്ങൾ കൂടുതൽ ഇടിയുകയാണ്.മഴക്കാലം ആരംഭിച്ചതോടെ മഴ വെള്ളം ഒലിച്ചിറങ്ങി ഗർത്തം കൂടുതൽ അപകടാവസ്ഥയിലാവുകയാണ്.റോഡിലാകമാനം കാട്ട് ചെടികളും വള്ളിപ്പടർപ്പും വളർന്നതിനാൽ റോഡിലൂടെ കടന്ന് പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്കോ കാൽനട യാത്രക്കാർക്കോ പാലത്തിന്റെ നാല് മൂലകളിലുമുള്ള ഗർത്തം പെട്ടന്ന് കണ്ണിൽപെടുകയുമില്ല.തൊടുപുഴ-പുളിയന്മല റോഡായതിനാൽ ഇത് ഇത് വഴി അനേകം വാഹനങ്ങളാണ് നിത്യവും കടന്ന് പോകുന്നതും. എന്നാൽ ഇവിടുത്തെ അപകട സാദ്ധ്യത മുന്നിൽ കണ്ട് പാലത്തിന്റെ നാല് മൂലയിലെയും വള്ളിപ്പടർപ്പും കാട്ട് ചെടികളും വെട്ടിമാറ്റി ഗർത്തം കാണാവുന്ന രീതിയിലാക്കിയിരിക്കുകയാണ് അജ്ഞാതനായ വ്യക്തി.പാലത്തിന്റെ നാല് മൂലയിലെയും അപകട സാദ്ധ്യയതക്ക് മാറ്റം വന്നില്ലെങ്കിലും വള്ളിപ്പടർപ്പും കാട്ട് ചെടികളും വെട്ടിമാറ്റിയതോടെ ഇവിടെ വലിയ അപകടം ഒളിഞ്ഞിരുപ്പുണ്ടെന്ന് ഇത് വഴി കടന്ന് പോകുന്നവർക്ക് പെട്ടന്ന് കാണാൻ കഴിയും.തുരുത്തേൽ പാലം ഒറ്റപ്പെട്ട സ്ഥലത്തായതിനാൽ വള്ളിപ്പടർപ്പും കാട്ട് ചെടികളും വെട്ടി മാറ്റിയ അജ്ഞാതനായ "ഈ നന്മ മരം" ആരാണെന്ന് ആർക്കും അറിയാനും കഴിയുന്നില്ല.