കട്ടപ്പന: സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് ഏലക്ക ഇലേലം പുനരാരംഭിക്കാൻ സ്‌പൈസസ് ബോർഡ് അനുമതി നൽകി. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ലേല കേന്ദ്രങ്ങളിൽ 28 മുതൽ ലേലം നടക്കും. ഇതു സംബന്ധിച്ച ഉത്തരവ് ലേല കേന്ദ്രങ്ങൾക്കും ഏജൻസികൾക്കും നൽകി. പുറ്റടി സ്‌പൈസസ് പാർക്കിൽ 28ന് രാവിലെ 10ന് കുമളി കേരള കാർഡമം പ്ലാന്റേഴ്‌സ് മാർക്കറ്റിംഗ് കമ്പനിയുടെ ലേലം നടക്കും. രാവിലെ 10.30 മുതൽ വൈകിട്ട് നാലുവരെയാണ് സമയം. ലേലം നിർത്തിയതോടെ കർഷകരും ചെറുകിട വ്യാപാരികളും സാമ്പത്തിക പ്രതിസന്ധിയിലാണെന്നു കാട്ടി വിവിധ ഏജൻസികളും സംഘടനകളും കളക്ടർക്കു പരാതി നൽകിയിരുന്നു. തുടർന്നാണ് സുരക്ഷ മുൻകരുതലുകളോടെ ലേലം പുനരാരംഭിക്കാൻ ഇപ്പോൾ അനുമതിയായത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ തേനി കളക്ടറുടെ കത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ പുറ്റടി സ്‌പൈസസ് പാർക്കിൽ എത്തി നടത്തിയ പരിശോധന നടത്തി ഇടുക്കി കലക്ടർക്കും ഡി.എം.ഒയ്ക്കും നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലേലം നിർത്തിയത്.