ചെറുതോണി: ഏറെ പ്രശംസ പിടിച്ച്പറ്റിയ പ്രഖ്യാപനമായിരുന്നു മഴക്കാലത്തിന് മുമ്പ് പഞ്ചായത്തുകൾ അവരവരുടെ മേഖലയിലെ തോടുകളും പുഴകളും വൃത്തിയാക്കി വെള്ളത്തിന്റെറ ഒഴുക്ക് സുഗമമാക്കണമെന്നത്. കാലവർഷക്കെടുതികൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള സർക്കർ ഉത്തരവിനോട് പല പഞ്ചായത്തുകളും പുറംതിരിഞ്ഞ് നിൽക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലുമുണ്ടായ പ്രളയക്കെടുതിയിൽ ജില്ലയിലെ തോടുകൾ കരകവിഞ്ഞൊഴുകി ഏക്കറുകണക്കിന് കൃഷിയിടവും നിരവധി വീടുകളും നശിച്ചിരുന്നു. സർക്കാർ മുൻകരുതലാരംഭിക്കുകയും തോടുകളും പുഴകളും നന്നാക്കുന്നതിന് പ്രത്യേക ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പല പഞ്ചായത്തുകളും ഇതിനു തയ്യാറായിട്ടില്ല. കഴിഞ്ഞ വർഷങ്ങളിൽ പ്രളയക്കെടുതിയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ കഞ്ഞിക്കുഴി പഞ്ചായത്തിൽ പുഴകൾ ശുചിയാക്കുന്നതിനുള്ള നടപടികൾ ഇതുവരെയുമാരംഭിച്ചില്ലന്ന് പ്രതിപക്ഷ മെമ്പർ സന്തോഷ് ആരോപിച്ചു. പഞ്ചായത്തിലെ പഴയരികണ്ടം പുഴ, ചുരുളിപുഴ, നാക്കയം തോട്, മക്കുവള്ളിതോട് എന്നിവിടങ്ങളിലെല്ലാം കാലവർഷക്കെടുതിയെ തുടർന്ന് മണൽ, ഏക്കൽ, ചെളി എന്നിവ നിറഞ്ഞു കിടക്കുകയാണ്. പല സ്ഥലങ്ങളിലും പുഴയോട്‌ചേർന്നുള്ള ഏക്കർ കണക്കിന് കൃഷിയിടങ്ങൾ നശിച്ച നിലയിലാണ്. ഈ പുഴകൾക്ക് സമീപമെല്ലാം നിരവധിയാളുകൾ താമസിക്കുന്നുണ്ട്. ഈ പ്രദേശങ്ങളിലെ പുഴകളിലെ മണലും എക്കലും നീക്കം ചെയ്തില്ലങ്കിൽ ഈ വർഷവും വെള്ളം ഉയർന്ന് കൃഷിയിടങ്ങൾ നശിക്കുമെന്ന് കർഷകർപറയുന്നു. ജനവാസമേഖലയിലെ തോടുകളിലെ ചെളിയും മണലും മാറ്റാതെ പഞ്ചായത്തതിർത്തിയിലൂടെ ഒഴുകുന്ന പെരിയാറ്റിലെ തട്ടേക്കണ്ണിയിൽ നിന്നും മണൽ വാരി മാറ്റുന്നതിനുളള പ്രൊപ്പോസൽ പഞ്ചായത്ത് ഭാരവാഹികൾ കളക്ടർക്ക് നൽകിയിരുന്നു. ഈ പ്രദേശത്തു ആൾതാമസമില്ല. പെരിയാറ്റിൽ വെള്ളം ഉയർന്നാൽ പഞ്ചായത്തിന് നഷ്ടവും സംഭവിക്കുകയില്ല.
എട്ടിന് പകരം 88
പെരിയാറ്റിലെ മണൽ മാറ്റുന്നതിന് 88 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് പഞ്ചായത്ത് സമർപ്പിച്ചത്. ഒരു പഞ്ചായത്തിന് പരമാവധി എട്ടു ലക്ഷം രൂപ ചിലവാക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത് അതിനാൽപഞ്ചായത്ത് നൽകിയ പ്രൊപ്പോസൽ കളക്ടർ നിരസിച്ചു. ജനവാസ മേഖലയിലുള്ള തോടുകളിലെ മണലും ചെളിയും മാറ്റുന്നതിന് പകരം പെരിയാറിൽ നിന്ന് മണൽ മാറ്റാൻ നടത്തുന്നതിനുള്ള നീക്കത്തിൽ അഴിമതിയുണ്ടന്നാണ് ആരോപണം
കഞ്ഞിക്കുഴി പഞ്ചായത്തിലെ ജനവാസ മേഖലയിലുള്ള പുഴകളിലെ മണലും ചെളിയും മാറ്റുന്നതിനുള്ള നടപടികൾ ഉടനാരംഭിച്ചില്ലങ്കിൽ കർഷകരെ പങ്കെടുപ്പിച്ച് ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകും.
സന്തോഷ് പഞ്ചായത്തംഗം