തൊടുപുഴ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉടുമ്പൻചോല പഞ്ചായത്തിലെ 8, 11, 12 വാർഡുകളെ കൂടി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ രോഗം സ്ഥിരീകരിച്ച യുവാവ് ഉടുമ്പൻചോല പഞ്ചായത്തിലെ പാറത്തോട്ടിലാണ് ലോക്ക്‌ഡൗണിന് ശേഷം രണ്ടു മാസം താമസിച്ചത്. തുടർന്നാണ് മൂന്ന് വാർഡുകളെ കണ്ടെയിൻമെന്റ് സോണാക്കിയത്. യുവാവിന്റെ സമ്പർക്ക പട്ടികയിലുള്ള പാറത്തോട് സ്വദേശികളായ ഒമ്പത് പേരെ ഇതിനകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ലോക്ക് ഡൗണിന് മുമ്പ് തമിഴ്‌നാട്ടിൽ നിന്നെത്തിയ 21കാരൻ പ്രദേശത്ത് ഒട്ടേറെ പേരുമായി ബന്ധപ്പെട്ടിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. ഇവരെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ മാസം 22നാണ് ഇയാൾ മടങ്ങിപോയത്. തുടർന്ന് തമിഴ്‌നാട്ടിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ നിയന്ത്രണങ്ങളുള്ള വാർഡുകളുടെ എണ്ണം 11 ആയി. നേരത്തെ രോഗം സ്ഥിരീകരിച്ച കരുണാപുരം സ്വദേശിയുടെ ബേക്കറി സ്ഥിതി ചെയ്യുന്ന വണ്ടൻമേട് പഞ്ചായത്തിലെ ആറും ഇയാൾ താമസിക്കുന്ന കരുണാപുരം പഞ്ചായത്തിലെ രണ്ടും വാർഡുകൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. രോഗം ഭേദമായ ഇയാൾ തിങ്കളാഴ്ച ആശുപത്രി വിടുകയും ചെയ്തിരുന്നു. നിയന്ത്രണങ്ങൾക്ക് നിശ്ചിത കാലാവധിയുള്ളതിനാലാണ് ഈ വാർഡുകളിലെ നിയന്ത്രണങ്ങൾ എടുത്തുമാറ്റാതിരിക്കുന്നത്.

1054 പേർ നിരീക്ഷണപട്ടികയിൽ

ജില്ലയിൽ രോഗം ബാധിച്ചവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ നിരീക്ഷണത്തിൽ കഴിയുന്നത് 1054 പേർ. ഇവരെല്ലാം വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. രണ്ടാം സമ്പർക്ക പട്ടികയിൽ നിരീക്ഷണത്തിലുള്ളത് 1136 പേരാണ്. ഇവരുടെയെല്ലാം സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്ന എല്ലാവർക്കും നെഗറ്റീവാണ്.

നിരീക്ഷണത്തിൽ ആകെ- 3965

വീടുകളിൽ- 3962

ആശുപത്രിയിൽ- 3