തൊടുപുഴ: പരീക്ഷാ സമയത്ത് സ്‌കൂളിന് സമീപത്തെ മരം മുറിക്കാൻ നഗരസഭയൊരുങ്ങിയത് വിവാദമായി. പ്രതിഷേധമുയർന്നപ്പോൾ പരീക്ഷ തീരുംവരെ നിറുത്തിവെച്ചു. ഗവ. വി.എച്ച്.എസ്.എസിന് സമീപം അപകടാവസ്ഥയിൽ നിന്ന മരങ്ങൾ ഇന്നലെ രാവിലെയാണ് മുറിച്ചു തുടങ്ങിയത്. ഈ സമയം സ്‌കൂളിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ നടക്കുകയായിരുന്നു. മരംമുറിക്കാനായി പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നെങ്കിലും സ്‌കൂളിൽ ജനറേറ്റർ ഏർപ്പാടാക്കിയിരുന്നു. പരീക്ഷയെഴുതുന്ന കുട്ടികൾക്ക് മരം മുറിക്കുമ്പോഴുണ്ടാകുന്ന വലിയ ശബ്ദം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഇതോടെ പരാതി ഉയർന്നു. തുടർന്ന് കെ.എസ്.യു, എസ്.എഫ്.ഐ. പ്രവർത്തകർ സ്ഥലത്തെത്തി. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ടോണിതോമസ് പ്രശ്‌നം പരിഹരിക്കണമെന്ന് നഗരസഭ ചെയർപേഴ്‌സണോട് ആവശ്യപ്പെട്ടു. എന്നാൽ, പരീക്ഷ കഴിഞ്ഞ് വിദ്യാർത്ഥികൾ പുറത്തിറങ്ങിയപ്പോഴും മരംമുറി തുടരുന്നുണ്ടായിരുന്നു. കുട്ടികൾ പുറത്തേക്ക് പോകാനാകാതെ കൂട്ടം കൂടുന്ന അവസ്ഥയുമുണ്ടായി. ഉച്ചയ്ക്കത്തെ എസ്.എസ്.എൽ.സി പരീക്ഷയ്ക്കായി വിദ്യാർത്ഥികളെത്തി തുടങ്ങി. ഇതോടെ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ടിജു തങ്കച്ചനും നാല് പ്രവർത്തകരും നഗരസഭ സെക്രട്ടറി രാജശ്രീയുടെ ഓഫീസ് ഉപരോധിച്ചു. ഈ സമയം നഗരസഭ ചെയർപേഴ്‌സൺ സിസിലി ജോസും ഓഫീസിലുണ്ടായിരുന്നു. തുടർന്ന് തൊടുപുഴ സി.ഐ. സുധീർമോഹൻ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. പരീക്ഷ കഴിയുന്നത് മരംമുറി നിറുത്തിവയ്ക്കാമെന്ന ഉറപ്പ് ലഭിച്ചതിന് ശേഷമാണ് എസ്.എഫ്.ഐക്കാർ പിരിഞ്ഞു പോയത്.

''അതീവ അപകടാവസ്ഥയിൽ നിന്ന മരം എത്രയും പെട്ടെന്ന് മുറിച്ചുമാറ്റാനാണ് ശ്രമിച്ചത്. കഴിഞ്ഞ ദിവസമാണ് എല്ലാ തടസവും നീങ്ങിയത്. ഓഫീസിലെത്തി ഭീഷണി മുഴക്കിയ എസ്.എഫ്.ഐക്കാർക്കെതിരെ പരാതി നൽകും."

- രാജശ്രീ പി. നായർ (നഗരസഭ സെക്രട്ടറി)​