file
ഫയൽ

കട്ടപ്പന: പ്രളയ ദുരിതാശ്വാസമായി സർക്കാർ അനുവദിച്ച വീടുകളുടെ നിർമാണം പൂർത്തീകരിക്കാതെ ഗുണഭോക്താക്കളെ വലയ്ക്കുന്ന കരാറുകാർക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി കട്ടപ്പന നഗരസഭ. 'കേരളകൗമുദി' വാർത്തയെത്തുടർന്നാണ് നഗരസഭയുടെ ഇടപെടൽ. പുതിയ വീടിന്റെ നിർമാണം വൈകിയതോടെ 2018ലെ പ്രളയത്തിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് കൂരകെട്ടി താമസിക്കുന്ന കട്ടപ്പന പൂവേഴ്‌സ്മൗണ്ട് മോതിരപ്പള്ളിയിൽ എം.ആർ. മണിയമ്മയുടെ ദുരവസ്ഥ 22ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പ്രളയബാധിതർക്ക് സ്ഥലം കിട്ടാതെവന്നതോടെ വെള്ളയാംകുടി മാർത്തോമ്മ പള്ളിക്കുസമീപമുള്ള നഗരസഭയുടെ സ്ഥലമാണ് വീടു നിർമിക്കാൻ അഞ്ച് സെന്റ് വീതം മൂന്നു കുടുംബങ്ങൾക്ക് നൽകിയത്. കട്ടപ്പന അമ്പലക്കവല സ്വദേശിയായ കരാറുകാരനെതിരെ നിരവധി പേർ നേരിട്ടെത്തി പരാതിപ്പെട്ടിട്ടുണ്ട്. കുന്തളംപാറ എസ്.സി കോളനി, നരിയംപാറ എന്നിവിടങ്ങളിലെ ഗുണഭോക്താക്കളെയും കരാറുകാർ ഇത്തരത്തിൽ കബളിപ്പിച്ചിട്ടുണ്ട്.

'നിരവധി കരാറുകാർ മുഴുവൻ പണവും കൈപ്പറ്റിയ ശേഷം കബളിപ്പിച്ചതായി നിരവധി ഗുണഭോക്താക്കൾ നഗരസഭ കാര്യാലയത്തിലെത്തി പരാതിപ്പെട്ടിട്ടുണ്ട്. വീട് നിർമാണം നിലച്ച ഗുണഭോക്താക്കളുടെ പരാതികൾ ശേഖരിച്ച് കരാറുകാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പൊലീസിനോടു ശിപാർശ ചെയ്യും"

-ജോയി വെട്ടിക്കുഴി

(കട്ടപ്പന നഗരസഭാ ചെയർമാൻ)​