കട്ടപ്പന: മേലേചിന്നാറിൽ സ്റ്റോപ്പ് മെമ്മോ നൽകിയ തടയണയുടെ നിർമാണത്തിനായി എത്തിച്ച മണ്ണും കല്ലും നീക്കം ചെയ്യണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. വ്യക്തി അനധികൃതമായി നടത്തിയ തടയണ നിർമാണം നാട്ടുകാരുടെ പരാതിയെ തുടർന്ന് വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ച് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ നിർമ്മാണത്തിനു വേണ്ടി തോടിനു കുറുകെ നിക്ഷേപിച്ച മണ്ണും കല്ലും ഭീഷണിയാണ്. മഴക്കാലത്ത് തോട് നിറഞ്ഞൊഴുകുമ്പോൾ ഇവ കുത്തിയൊലിച്ച് താഴ്‌വാരത്തേയ്ക്ക് എത്തും. 20ൽപ്പരം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ ഇവിടെ മണ്ണ് കുത്തിയൊലിച്ച് കൃഷിനാശം സംഭവിച്ചിരുന്നു. പരിസ്ഥിതി ലോല പ്രദേശത്തെ അനധികൃത നിർമാണത്തിനെതിരെ കലക്ടർ, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് എന്നിവർക്ക് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ അടിയന്തര നടപടിവേണമെന്ന് ബി.ജെ.പി. ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല ആവശ്യപ്പെട്ടു.