ഇടുക്കി : കാർഷിക രംഗത്ത് സ്വയം പര്യാപ്തത ലക്ഷ്യംവച്ച് ജൈവഗ്രാം ഫാർമേഴ്‌സ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 'ഹരിത ഭവനം', 'തളിരിടുന്ന തരിശിടങ്ങൾ' പദ്ധതികൾക്ക് തുടക്കം കുറിച്ചു. തങ്കമണിയിൽ നടന്ന യോഗത്തിൽ 'ഹരിതഭവനം' പദ്ധതിയുടെ ഉദ്ഘാടനംറോഷി അഗസ്റ്റ്യൻ എം.എൽ.എ നിർവഹിച്ചു. . ഭൂമി തരിശ് കിടക്കാനിടയാകരുതെന്നും കൃഷി ചെയ്യാൻ ഉടമസ്ഥർക്ക് സാദ്ധ്യയമല്ലെങ്കിൽ താത്പര്യമുള്ള ഏജൻസികളെ ഏൽപ്പിക്കണമെന്നും പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് എംഎൽഎ പറഞ്ഞു. 'തളിരിടുന്ന തരിശിടങ്ങൾ' പദ്ധതിയുടെ ഉദ്ഘടനം ജില്ലാ കളക്ടർ എച്ച് ദിനേശൻ നിർവഹിച്ചു. എല്ലാ വീടുകളിലും സർക്കാർ ജീവനക്കാരുടെ ക്വാട്ടേഴ്‌സുകളിലും ജൈവപച്ചക്കറി കൃഷി വ്യാപനത്തിന് ഹരിതഭവനം പദ്ധതിയും, തരിശുഭൂമി കൃഷിയിടമാക്കുന്നതിനു 'തളിരിടുന്ന തരിശിടങ്ങൾ' എന്ന പദ്ധതിയുമാണ് നടപ്പാക്കുന്നത്. പദ്ധതിക്കു മുന്നോടിയായി സമ്പർക്ക വിലക്ക് കാലത്ത് കൃഷി വകുപ്പുമായി സഹകരിച്ച് 'വീട്ടിലിരിക്കാം വിത്തിടാം' എന്ന ക്യാമ്പയിനിലൂടെ വിവിധ ഇനം പച്ചക്കറി വിത്തുകൾ വീടുകളിലെത്തിച്ചു നൽകിയിരുന്നു. പരിപാടിയോട് അനുബന്ധിച്ച് തെങ്ങിൻ തൈ വിതരണവും, തങ്കമണി സർവീസ് സഹകരണ ബാങ്ക് നടപ്പാക്കുന്ന മുട്ടക്കോഴി പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. ജൈവഗ്രാം ഫാർമേഴ്‌സ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി.വി വർഗീസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജൈവഗ്രാം ഫാർമേഴ്‌സ് ജില്ലാ പഞ്ചായത്ത് അംഗം ലിസമ്മ സാജൻ, തങ്കമണി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റിയൻ, ഡിടിപിസി സെക്രട്ടറി ജയൻ പി വിജയൻ, ജോയിന്റ് രജിസ്ട്രാർ എസ്‌ഷേർളി, വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി വി കെ കമലാസനൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.